ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം, അറസ്റ്റ് വിലക്ക് മാറ്റണം: പ്രോസിക്യൂഷന്‍

Web Desk

നടൻ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റി. ഫോണ്‍ ക്രൈംബ്രാഞ്ചിനു കൈമാറുന്നതിലും തീരുമാനമുണ്ടാകും. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം, അറസ്റ്റിനുളള വിലക്കു നീക്കണം. കേസ് നടത്തിപ്പിനു പ്രതി ഉപാധികള്‍ തീരുമാനിക്കുന്ന അവസ്ഥയാണ്. ഇതു കേട്ടുകേള്‍വി ഇല്ലാത്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.ദിലീപിന്റെ ഫോണ്‍ ക്രൈംബ്രാഞ്ചിനു കൈമാറണം. ഫോണുകള്‍ മുംബൈയിലേക്ക് അയച്ചത് കേസ് അട്ടിമറിക്കാനെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. ഫോണുകള്‍ മാറ്റിയതു നിസ്സഹകരണമായി കാണാമെന്നു കോടതി നിരീക്ഷിച്ചു. വധഗൂഢാലോചനാക്കേസിൽ ദിലീപിന്റേതടക്കം ആറു മൊബൈൽ ഫോണുകളാണു ഹൈക്കോടതിക്ക് കൈമാറിയത്. ഹൈക്കോടതി നിർദേശപ്രകാരം മുദ്രവച്ച പെട്ടിയിൽ റജിസ്ട്രാർ ജനറലിനാണ് ഫോണുകൾ കൈമാറിയത്.

ദിലീപിന്റെ അഭിഭാഷകൻ ഫിലിപ്സ് ടി.വർഗീസ് ആണ് റജിസ്ട്രാർ ജനറൽ പി.കൃഷ്ണകുമാറിനു ഫോണുകൾ കൈമാറിയത്. രാവിലെ 10 മണിയോടെ ഹൈക്കോടതിയിൽ കൊണ്ടുവന്ന ആറു ഫോണുകളും പത്തേകാലിനാണ് റജിസ്ട്രാർ ജനറലിന്റെ ഓഫിസിൽ എത്തിച്ചത്. ദിലീപിന്റെ രണ്ട് ഐഫോണുകളും ഒരു വിവോ ഫോണും ആണു കൈമാറിയവയിൽ ഉള്ളത്. സഹോദരന്‍ അനൂപിന്റെ വാവെ, റെഡ്മി ഫോണുകളും കൈമാറി. ബന്ധുവായ അപ്പു ഉപയോഗിച്ചിരുന്ന വാവെ ആണ് കൈമാറിയതിൽ ആറാമത്തെ ഫോൺ. കോടതിയില്‍ ഹാജരാക്കിയ ഫോണുകളുടെ കാര്യത്തിലും ദിലീപ് വ്യക്തത വരുത്തി.പ്രോസിക്യൂഷൻ പട്ടികയിലെ 2,3,4 ക്രമനമ്പറിലുള്ള ഫോണുകളാണു കൈമാറിയത്. ഒന്നാമതായി പറയുന്ന ഐ ഫോൺ ഏതെന്ന് അറിയില്ലെന്നും പണ്ട് ഉപയോഗിച്ചിരുന്നതോ അന്വേഷണസംഘം പിടിച്ചെടുത്തതോ ആയ ഐ ഫോണ്‍ ആകാമെന്നും ദിലീപ് പറയുന്നു.

error: Content is protected !!