തൃശൂരിൽ സ്വത്തിനായി അമ്മയെ കൊന്ന മകൾ അച്ഛനും വിഷം നൽകി; ‘രുചിമാറ്റം തോന്നി, കുടിച്ചില്ല

Web Desk

ചായയിൽ എലിവിഷം കലർത്തി അമ്മയെ കൊലപ്പെടുത്തിയ കേസിൽ തൃശൂരിൽ അറസ്റ്റിലായ മകൾ, പിതാവ് ചന്ദ്രനും വിഷം നൽകിയിരുന്നതായി വെളിപ്പെടുത്തൽ. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയിൽ കലർത്തി നൽകുകയായിരുന്നു. രുചിമാറ്റം തോന്നിയതിനാൽ ചന്ദ്രൻ ചായ കുടിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. കിഴൂർ ചൂഴിയാട്ടയിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി കഴിഞ്ഞ ദിവസം മരിച്ച സംഭവത്തിലാണ് പുതിയ വെളിപ്പെടുത്തൽ. രുഗ്മിണിയുടെ മരണത്തിൽ മകൾ ഇന്ദുലേഖയെ വിശദമായി ചോദ്യം ചെയ്ത പൊലീസ്, അറസറ്റ് രേഖപ്പെടുത്തി.

ഭർത്താവ് അറിയാതെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തി വായ്പയെടുത്ത ഇന്ദുലേഖയ്ക്ക് 8 ലക്ഷത്തിലധികം രൂപയുടെ ബാധ്യതയുണ്ട്. ഭർത്താവിന് വിദേശത്താണ് ജോലി. കഴിഞ്ഞ 18ന് ഭർത്താവ് അവധിക്ക് നാട്ടിൽ എത്തിയിരുന്നു. ഇയാൾ ആഭരണം എവിടെയെന്നു തിരക്കുമെന്ന് ഇന്ദുലേഖ ഭയപ്പെട്ടു. ഇവരുടെ പിതാവ് ചന്ദ്രൻ ഉത്സവ പറമ്പുകളിൽ ബലൂൺ കച്ചവടക്കാരനാണ്. രോഗിയായ ഇയാളുടെയും ഭാര്യയുടെയും പേരിലുള്ള വീടും പറമ്പും തട്ടിയെടുത്ത് വിറ്റു ബാധ്യത തീർക്കാൻ ഇന്ദുലേഖ പദ്ധതിയിട്ടു. ഇവരുടെ 2 മക്കളിൽ മൂത്തവളായ ഇന്ദുലേഖയെയാണ് സ്വത്തിന്റെ അവകാശിയായി രുഗ്മിണി കാണിച്ചിരുന്നതെന്നാണ് സൂചന. തുടർന്നു ഇന്ദുലേഖയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് വിഷം നൽകുന്നതുമായി ബന്ധപ്പെട്ട് ഗൂഗിളിൽ തിരഞ്ഞത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും ഇന്ദുലേഖ കുറ്റം സമ്മതിക്കുകയും ചെയ്തു.

error: Content is protected !!