
newsdesk
കാസർകോട്: വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി. പൊലീസിനെ വെട്ടിച്ച് പോകുന്നതിനിടെ കാർ മറിഞ്ഞ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി ഫർഹാസ് (17) മരിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാരെ സ്ഥലം മാറ്റി. കാർ പിന്തുടർന്ന എസ് ഐ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടി. എസ് ഐ രജിത്, സി പി ഒമാരായ ദീപു, രഞ്ജിത്ത് എന്നിവരെയാണ് സ്ഥലം മാറ്റിയത്.
പൊലീസ് പിന്തുടർന്നതാണ് കാർ അപകടത്തിലേയ്ക്ക് വഴിവച്ചതെന്നും വിദ്യാർത്ഥി മരിക്കാൻ കാരണമായതെന്നും കുടുംബം ആരോപിക്കുകയും മുഖ്യമന്ത്രിക്കടക്കം പരാതി നൽകുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തിൽ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം നടക്കുകയാണ്. വിദ്യാർത്ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിരുന്നു.സുഹൃത്തുക്കളുമായി സഞ്ചരിക്കുമ്പോൾ പൊലീസിനെ വെട്ടിച്ച് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അംഗഡിമൊഗർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഫർഹാസ്. വെളളിയാഴ്ച കാസർകോട് കുമ്പളയിൽ നടന്ന അപകടത്തിൽ ഫർഹാസിന് നട്ടെല്ലിനാണ് പരിക്കേറ്റത്.അംഗഡിമൊഗറിൽ നിന്നും കട്ടത്തടുക്ക വരെ അഞ്ചുകിലോറ്റീറോളം പൊലീസ് കാറിനെ പിൻതുടർന്നതാണ് അപകടത്തിന് കാരണമെന്ന് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ വലിയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. അതേസമയം വിദ്യാർത്ഥികളുടെ അപകടകരമായ ഡ്രൈവിംഗാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.