ഉത്ര വധക്കേസ്: ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം

Web Desk

മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിനു എല്ലാ കുറ്റകൃത്യങ്ങളിലും ജീവപര്യന്തം ശിക്ഷ. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണു വിധി പ്രസ്താവിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നു കോടതി പറഞ്ഞു. ശിക്ഷാവിധി കേള്‍ക്കാന്‍ ഉത്രയുടെ പിതാവും സഹോദരനും കോടതിയില്‍ എത്തിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും സൂരജിന് വധശിക്ഷ വിധിക്കണമെന്നു പ്രോസിക്യൂക്ഷന്‍ ആവശ്യപ്പെട്ടിരുന്നു. വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് കുറ്റങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്‌തെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 ( കൊലപാതകം), 307 (വധശ്രമം), 328 (വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം), 201 (തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണു പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ശാസ്ത്രീയതെളിവുകളോടെ കുറ്റമറ്റ അന്വേഷണവും പ്രോസിക്യൂഷന്റെ ശക്തമായ വാദങ്ങളുമാണ് ഉത്രകേസിനെ ബലപ്പെടുത്തിയത്.

error: Content is protected !!