
newsdesk
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് തുടരുന്നു. രാജ്യാന്തര വിപണിയിലെ വിലയിടിവിന് പിന്നാലെ കേരളത്തിലും സ്വർണവില കുത്തനെ താഴ്ന്നു. ഇന്ന് ഒറ്റയടിക്ക് പവന് 1,880 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 95,840 രൂപയായി. ഗ്രാമിന് 235 രൂപ കുറഞ്ഞ് 11,980 രൂപയിലുമെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
കഴിഞ്ഞ ദിവസങ്ങളിലും സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നലെ പവന് 2,040 രൂപ കുറഞ്ഞ് 97,720 രൂപയിലായിരുന്നു വ്യാപാരം നടന്നത്. ഗ്രാമിന് 255 രൂപയായിരുന്നു ഇന്നലത്തെ കുറവ്. തുടർച്ചയായ വിലയിടിവോടെ സ്വർണവില ഒരു ലക്ഷം രൂപയ്ക്ക് താഴെ തുടരുകയാണ്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം കേരളത്തിൽ ഒരു പവൻ സ്വർണത്തിന് ഏകദേശം 10,000 രൂപയുടെ കുറവുണ്ടായി. കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കാണ് ഇപ്പോൾ സ്വർണവില എത്തിയിരിക്കുന്നത്. വിലയിടിവ് തുടരുന്നത് ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്നുണ്ട്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ എക്കാലത്തെയും ഉയർന്ന വില. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. റെക്കോർഡ് ഉയരത്തിൽനിന്ന് വലിയ ഇടിവാണ് പിന്നീട് സ്വർണവിലയിൽ ഉണ്ടായത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ, ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, ആഗോള സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. വരും ദിവസങ്ങളിലും രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്കനുസരിച്ചായിരിക്കും കേരളത്തിലെ സ്വർണവിലയിലും മാറ്റമുണ്ടാകുക.