
newsdesk
കോഴിക്കോട്: സംസ്ഥാനത്ത് പ്ലസ് വണ്ണിലേക്കുള്ള പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും. ഏകജാലക സംവിധാനം വഴി ഓണ്‍ലൈനായി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കാം. 3,60,844 സീറ്റുകളാണ് ഇത്തവണ പ്ലസ് വണ്ണില്‍ ലഭ്യമായിട്ടുള്ളത്. 4,10,456 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിട്ടുള്ളത്.
വിദ്യാര്‍ഥികള്‍ക്ക് നേറ്റിവിറ്റി, ജാതി എന്നിവ തെളിയിക്കുന്നതിന് എസ്എസ്എല്‍സി ബുക്ക് മാത്രം മതി. സ്‌കോളര്‍ഷിപ്പ് ആനുകൂല്യം ലഭിക്കുന്നതിനായി എസ്‌സി,എസ്ടി, ഒഇസി വിദ്യാര്‍ഥികള്‍ക്ക് മാത്രമേ വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളൂ. പ്ലസ് വണ്‍ ഏകജാലക പ്രവേശന മാര്‍ഗനിര്‍ദേശം പ്രകാരം പ്രവേശന സമയത്ത് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ കോപ്പികള്‍ ഹാജരാക്കിയാല്‍ മതി.
സംസ്ഥാനത്ത് ജനിച്ചിട്ടുള്ളവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റോ അഞ്ച് വര്‍ഷം ഇവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചതിന്റെ രേഖയോ ഇത് കൂടാതെ സത്യപ്രസ്താവനയോ ഉണ്ടെങ്കില്‍ നേറ്റീവ് ആയി പരിഗണിക്കാം. അപേക്ഷകന്റെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ജാതി രേഖപ്പെടുത്തിയാല്‍ വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് പകരമുള്ള അടിസ്ഥാന രേഖയായി ഇത് പരിഗണിക്കാം. വിദ്യാഭ്യാസ രേഖയില്‍ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മൈനോരിറ്റി സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അച്ഛനമ്മമാര്‍ വ്യത്യസ്ത ജാതിയില്‍ പെട്ടവരാണെങ്കില്‍ അവരില്‍ ഒരാളുടെ എസ്എസ്എല്‍സി രേഖയിലുള്ള ജാതി തെളിവായി പരിഗണിക്കാം.
പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി, അലോട്ട്മെന്റ് സമയക്രമം എന്നിവ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. 3,60,844 സീറ്റുകളാണ് ഇത്തവണ പ്ലസ് വണ്ണില്‍ ലഭ്യമായിട്ടുള്ളത്. കഴിഞ്ഞവര്‍ഷം അരലക്ഷത്തിലധികം സീറ്റുകള്‍ ഒഴിഞ്ഞുകിടന്ന പശ്ചാത്തലത്തില്‍ അലോട്ട്മെന്റ് നടപടികള്‍ പരിശോധിച്ചതിന് ശേഷമായിരിക്കും അധിക സീറ്റുകള്‍ അനുവദിക്കുക.