
newsdesk
താമരശ്ശേരി ∙ ടൗണിലെ ബേക്കറിയിൽ പട്ടാപ്പകൽ കാട്ടുപന്നി കയറിയതു പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ ഉച്ചയ്ക്കു ടൗണിൽ പോസ്റ്റ് ഓഫിസിന് അടുത്തുള്ള ജനതാ ബേക്കറിയിലാണ് കാട്ടുപന്നി എത്തിയത്. 15 മിനിറ്റോളം കടയിലെ ജീവനക്കാരെയും കടയിൽ ഉണ്ടായിരുന്നവരെയും മുൾമുനയിലാക്കി.
ഉല്ലാസ് കോളനി റോഡ് വഴി വന്ന കാട്ടുപന്നി ദേശീയപാത മുറിച്ച് കടന്ന് എതിർ ഭാഗത്തെ കൈവരിയുടെ ഇടയിലൂടെ നടപ്പാതയിൽ കയറിയാണ് ബേക്കറിക്കുള്ളിൽ കടന്നത്. ഇതിനിടെ മേശയുടെ കാലിനുള്ളിൽ കുടുങ്ങിയങ്കിലും ജീവനക്കാർ മേശ മാറ്റിക്കൊടുത്തതോടെ മുറിക്കുള്ളിൽ നിന്ന് വീണ്ടും കടയുടെ മുൻ ഭാഗത്ത് എത്തി. തുടർന്നു ദേശീയപാത മുറിച്ചുകടന്ന് വന്നവഴി സ്ഥലം വിട്ടു.
ഓട്ടത്തിനിടയിൽ നിർത്തിയിട്ട ബൈക്കിൽ തട്ടുകയും ദേശീയപാതയിലുടെ പോയ കാറിന്റെ ഡോറിൽ ഇടിച്ചു നിലത്ത് വീഴുകയും ചെയ്തു. എഴുന്നേറ്റ കാട്ടുപന്നി ഉല്ലാസ് കോളനി റോഡിലേക്ക് തന്നെ ഓടി. ബേക്കറിക്കുള്ളിൽ കയറി വട്ടം തിരിഞ്ഞെങ്കിലും നാശനഷ്ടം ഉണ്ടായില്ല. ബേക്കറി ജീവനക്കാരായ സജി, രമ്യ എന്നിവരും മറ്റു രണ്ടുപേരുമാണു കടയിൽ ഉണ്ടായിരുന്നത്.