അഗ്നിരക്ഷാസേന യൂണിറ്റ് താമരശ്ശേരിയിൽ അനുവദിക്കാൻ നടപടിയില്ല

താമരശ്ശേരി∙ താമരശ്ശേരിയിൽ അഗ്നിരക്ഷാസേന യൂണിറ്റ് അനുവദിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം. സർക്കാർ നടപടി ഇനിയും അകലെ. പലയിടങ്ങളിലും പുതിയ യൂണിറ്റുകൾ അനുവദിച്ചപ്പോൾ താമരശ്ശേരി തഴയപ്പെട്ടു. ചുരത്തിൽ മലയിടിഞ്ഞും മരങ്ങൾ കടപുഴകി വീണും വാഹനാപകടങ്ങൾ മൂലവും മറ്റും ഗതാഗത തടസ്സം ഉണ്ടാകുമ്പോൾ മുക്കം, കൽപറ്റ, നരിക്കുനി എന്നിവിടങ്ങളിൽ നിന്നാണ് അഗ്നിരക്ഷാ സേന എത്തുന്നത്. പലപ്പോഴും അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾ എത്തുമ്പോൾ അപകട സ്ഥലത്തേക്ക് കടക്കാൻ പറ്റാത്ത വിധം ചുരത്തിൽ ഗതാഗതകുരുക്ക് രൂപപ്പെടും.

മലയോര മേഖലയിലെ തോട്ടങ്ങളിൽ വേനലി‍ൽ കാട്ടുതീ പടർന്നും വലിയ നാശനഷ്ടം സംഭവിക്കാറുണ്ട്. മഴക്കാലത്ത് മലയോരത്തെ ദുരന്തസാധ്യത കണക്കിലെടുത്ത് മുൻ കരുതൽ നടപടിയുടെ ഭാഗമായി താമരശ്ശേരി റസ്റ്റ് ഹൗസ് പരിസരത്തു മുക്കത്ത് നിന്ന് അഗ്നിരക്ഷാ സേന യൂണിറ്റ് എത്തി നിലയുറപ്പിക്കുകയാണ് ചെയ്യുന്നത്. മഴ കുറയുന്നതോടെ ഇവർ സ്ഥലം വിടും. താമരശ്ശേരിയിൽ നിന്ന് മലയോരത്തെ എല്ലാ മേഖലകളിലേക്കും റോഡ് സൗകര്യവുമുണ്ട്.

ഇതുകൊണ്ടു മലയോരത്തെ ഏതു മേഖലയിലും താമരശ്ശേരിയിൽ നിന്ന് എളുപ്പം എത്താം. അഗ്‌നിരക്ഷാ സേന നിലയം സ്ഥാപിക്കാൻ യോജ്യമായ സ്ഥലവും ഉണ്ട്. അമ്പലമുക്കിൽ ഇരുതുള്ളി പുഴയോരത്ത് 20 ഏക്കറോളം പഞ്ചായത്തിന്റെ കൈവശമുണ്ട്. പുഴയിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റിന് ആവശ്യമായ ജലം സംഭരിക്കാനും കഴിയും. ചുങ്കത്ത് പഴയ ചെക്ക് പോസ്റ്റ് സ്ഥലവും പരിഗണിക്കാം

error: Content is protected !!