താമരശ്ശേരി ചുരം നവീകരണത്തിന് 50 കോടിയുടെ പദ്ധതി;വീതി കൂട്ടുന്നത് 6,7,8 ഹെയർപിൻ വളവുകൾ

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ അപ്രതീക്ഷിതമായി ഉണ്ടാക്കുന്ന അഴിയാകുരുക്കുകൾ പരിഹരിക്കാൻ ദേശീയപാതാ വിഭാഗം ഒരുങ്ങുന്നു. ചുരത്തിലെ 6,7,8 വളവുകൾ പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി വീതി കൂട്ടി നവീകരിക്കാൻ 50 കോടിയുടെ പദ്ധതിയാണ് ദേശീയപാത വിഭാഗം തയ്യാറാക്കിയത്. മൂന്നു വളവുകളും 30 മീറ്റർ ഉയരത്തിൽ പാർശ്വഭിത്തി നിർമിച്ചായിരിക്കും നവീകരിക്കുക. റോഡ് നവീകരണം ഏതുവിധത്തിൽ ആയിരിക്കണം എന്നതിന് കൃത്യമായ നിർദ്ദേശങ്ങൾ ഉണ്ടെങ്കിലും വളവുകൾ നവീകരിക്കുന്ന പദ്ധതിക്ക് സർക്കാറിന്റെ ഭരണാനുമതി ലഭിക്കുന്ന മുറക്കായിരിക്കും തുടർനടപടി ഉണ്ടാകുക.

വർഷങ്ങളായി താമരശ്ശേരി ചുരത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിനെതിരെ ജനവികാരം ശക്തമായി തുടരുകയാണ്. ഇതിനിടെ ചുരത്തിലെ വളവുകൾ വീതി കൂട്ടുന്നതിന് 2018ൽ 0.92 ഹെക്ടർ വനഭൂമി വിട്ടു കിട്ടിയിരുന്നെങ്കിലും 3,5 ഹെയർപിൻ വളവുകൾ മാത്രമാണ് നവീകരിച്ചത്. ദേശീയപാതയിൽ പുതുപ്പാടി-മുത്തങ്ങ റീച്ചിലെ നവീകരണ പ്രവൃത്തികളിൽ ഉൾപ്പെടുത്തി ചുരത്തിലെ വീതിയില്ലാതെ കിടക്കുന്ന വളവുകൾ വികസിപ്പിക്കാനായിരുന്നു ദേശീയപാത വിഭാഗം നടപടി എടുത്തിരുന്നത്. എന്നാൽ ഈ വലിയ പ്രവൃത്തിക്ക് കാലതാമസം വരുമെന്നത് കണക്കിലെടുത്താണ് 6,7,8 വളവുകൾ പ്രത്യേക ഫണ്ട് വകയിരുത്തി നവീകരിക്കാൻ തീരുമാനിച്ചത്.

ദേശീയപാത തിരുവനന്തപുരം റീജണൽ ഓഫീസിൽ ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.ചുരത്തിൽ ഹെയർപിൻ വളവുകളിൽ ടാറിങ് സാധ്യമാകാത്തതിനാലാണ് ഇന്റർലോക്ക് പാകിയിരിക്കുന്നത്. എന്നാൽ വലിയ ചരക്കുവാനങ്ങൾ വളവുകളിൽ എത്തി കുത്തിതിരിയുമ്പോൾ ഇന്റർലോക്ക് കട്ടകളും അടർന്നുപോരുന്നുണ്ട്.ടാറിങ് നടത്തിയാൽ ഓരോ വർഷക്കാലത്തും വളവുകളിൽ പാത തകർന്ന് ഗർത്തങ്ങളായി മാറുന്നത് ഒഴിവാക്കാനാകും.

ആദ്യം ഇന്റർലോക്ക് പാകിയ ഒൻപതാം വളവിൽ മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും കാര്യമായ അച്ചകുറ്റപ്പണി വേണ്ടി വന്നിട്ടില്ല. തുടർന്നാണ് 2,3,4 വളവുകളും ഇന്റർലോക്ക് പാകി നവീകരിച്ചത്.6,7,8 വളവുകളിൽ അപകടങ്ങൾ കുറയ്ക്കാൻ കഴിഞ്ഞാൽ ലോറി അടക്കമുള്ള വലിയ വാഹനങ്ങൾ നിരന്തരമായി കുടുങ്ങുന്ന വളവുകൾ കൂടി നവീകരിക്കാൻ കഴിയും.

error: Content is protected !!