തലശ്ശേരി-മാഹി ബൈപ്പാസിലെ ടോള്‍ ഉയര്‍ത്തി ദേശീയപാത അതോറിറ്റി

തലശ്ശേരി-മാഹി ബൈപ്പാസിൽ ടോൾ ദേശീയപാത അതോറിറ്റി കൂട്ടി. കാർ, ജീപ്പ്, വാൻ, എൽ.എം.വി. വാഹനങ്ങൾക്ക് ഒരുഭാഗത്തേക്കുള്ള തുക 65-ൽ നിന്ന് 75 രൂപയാക്കി. ഇരുഭാഗത്തേക്കുമുള്ള യാത്രാനിരക്ക് 100-ൽനിന്ന് 110 രൂപയായി. ഈ വാഹനങ്ങൾക്കുള്ള പ്രതിമാസനിരക്ക് (50 യാത്രകൾക്ക്) 2,195 രൂപയിൽ നിന്ന് 2,440 രൂപയാക്കി. ഈ വാഹനങ്ങളിൽ ജില്ലയ്ക്കകത്ത് രജിസ്റ്റർ ചെയ്ത വ്യാവസായിക വാഹനങ്ങളുടെ യാത്രാനിരക്കിൽ മാറ്റമില്ല. 35 രൂപ തന്നെയാണ് നിരക്ക്.

ടോൾ പ്ലാസയിൽനിന്ന് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമസ്ഥർക്കുള്ള പ്രതിമാസ നിരക്ക് 330 രൂപയിൽനിന്ന് 340 രൂപയാക്കി ഉയർത്തി. ലൈറ്റ് കൊമേഷ്യൽ വെഹിക്കിൾ (എൽ.സി.വി), ലൈറ്റ് ഗുഡ്സ് വെഹിക്കിൾ (എൽ.ജി.വി), മിനി ബസ് എന്നിവയ്ക്ക് ഒരു വശത്തേക്ക് 120 രൂപയാണ് പുതിയ ടോൾ നിരക്ക്. മുമ്പ് ഇത് 105 രൂപയായിരുന്നു. ഇരുഭാഗത്തേക്കുമുള്ള യാത്രയ്ക്ക് 160-ൽ നിന്ന് 175 രൂപയായും ടോൾ ഉയർത്തിയിട്ടുണ്ട്. പ്രതിമാസ യാത്രകൾക്ക് 3545 രൂപയായിരുന്നത് 3940 രൂപയായും ഉയർത്തിയിട്ടുണ്ട്.

ബസ്, ട്രക്ക് എന്നീ വാഹനങ്ങളുടെ ടോൾ ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 225 രൂപയിൽ നിന്ന് 250 രൂപയായും രണ്ട് ഭാഗത്തേക്കുമുള്ള യാത്രയ്ക്ക് 335 രൂപയിൽ നിന്ന് 370 രൂപയായും ഉയർത്തിയിട്ടുണ്ട്. മൾട്ടി ആക്സിൽ വ്യവസായിക വാഹനങ്ങളുടെ ടോൾ 245 രൂപയിൽ നിന്ന് 270 രൂപയായും ഇരുഭാഗങ്ങളിലേക്കുമുള്ളതിന് 365 രൂപയിൽ നിന്ന് 405 രൂപയുമായാണ് ഉയർത്തിയിരിക്കുന്നത്.

കണ്ണൂർ മുഴുപ്പിലങ്ങാട് മുതൽ വടകരയ്ക്ക് സമീപം അഴിയൂർ വരെ 18.6 കിലോമീറ്റർ ദൈർഘ്യത്തിൽ ആറ് വരിയിലാണ് ഈ ബൈപ്പാസ് നിർമിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് 11-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. പരമാവധി 20 മിനിറ്റിനുള്ളിൽ ഈ 18.6 കിലോമീറ്റർ ദൂരം ഓടിയെത്താൻ സാധിക്കുമെന്നതാണ് പ്രധാന ഗുണം. ഒരു മേൽപ്പാലം, ഒരു റെയിൽവേ ഓവർ ബ്രിഡ്ജ്, 21 അണ്ടർ പാസുകൾ, ഒരു ടോൾ പ്ലാസ എന്നിവയുൾപ്പെടുന്നതാണ് തലശ്ശേരി-മാഹി ബൈപ്പാസ്.

മുഴപ്പിലങ്ങാട് മുതൽ അഴിയൂർ വരെ 18.6 കിലോ മീറ്ററാണ് ആറുവരിപ്പാതയുടെ നീളം. സർവീസ് റോഡുകൾ ഉൾപ്പെടെ 45 മീറ്ററാണ് ആകെ വീതി. മുഴപ്പിലങ്ങാട്, ചിറക്കുനി, ബാലം, കൊളശ്ശേരി, ചോണാടം, കുട്ടിമാക്കൂൽ, മാടപ്പീടിക, പള്ളൂർ, കവിയൂർ, മാഹിപ്പുഴ, അഴിയൂർ എന്നിവിടങ്ങളിലൂടെയാണ് ബൈപ്പാസ് കടന്നുപോവുന്നത്. പൂർണമായും ആക്സസ് കൺട്രോളായ റോഡാണ് ദേശീയപാത 66. സർവീസ് റോഡുകളിൽ നിന്ന് മെർജിങ് പോയിന്റുകൾ മാത്രമാണ് പാതയിലുണ്ടാവുക. സിഗ്നലുകളിലൊഴികെ പാത എവിടേയും ക്രോസ് ചെയ്യില്ല എന്നതാണ് സവിശേഷത.

എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇ.കെ.കെ. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനായിരുന്നു നിർമാണചുമതല. രണ്ടര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി നിർമാണം പൂർത്തിയാക്കി 21-ൽ റോഡ് തുറന്ന് കൊടുക്കേണ്ടതായിരുന്നു. എന്നാൽ കോവിഡ്, പ്രളയം എന്നിവ പ്രവൃത്തി വൈകാൻ ഇടയാക്കി. തലശ്ശേരിക്കടുത്ത് ബാലത്തിലെ പാലം നിർമാണത്തിനിടെ തകർന്ന് ബീമുകൾ പുഴയിൽ വീണതും നിർമാണം വൈകാനിടയാക്കി. അയ്യായിരത്തിലേറെ തൊഴിലാളികളാണ് ദേശീയപാതയ്ക്ക് വേണ്ടി ജോലി ചെയ്തത്.

error: Content is protected !!