മലപ്പുറത്ത് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്‌ത സംഭവം; ഭർതൃപിതാവ് അറസ്റ്റിൽ

മലപ്പുറം: പന്തല്ലൂരിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. മങ്കട വെള്ളില സ്വദേശിനി പന്തല്ലൂർ കിഴക്കുപറമ്പ് മദാരികുപ്പേങ്ങൽ നിസാറിന്റെ ഭാര്യ തഹ്ദില (ചിഞ്ചു–25)യുടെ മരണത്തിൽ ഭർതൃപിതാവ് മദാരി അബൂബക്കർ ആണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.

ഗാർഹിക പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കളുടെ ആരോപണം. മദാരി അബൂബക്കർ തഹ്ദിലയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ വീട്ടുകാർ തഹ്ദിലയുടെ ബന്ധുക്കളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഭർതൃവീട്ടുകാർ തയാറായില്ലെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ഗാർഹിക പീഡനം മൂലമാണ് മരിച്ചതെന്ന് ആരോപിച്ച് ഭർതൃപിതാവിനും മാതാവിനുമെതിരെ തഹ്ദിലയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അസ്വാഭാവിക മരണത്തിനു പാണ്ടിക്കാട് പൊലീസ് കേസെടുത്തു.തഹ്ദിലയുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഇന്നലെ വൈകിട്ടോടെയാണ് ഇയാൾ നാട്ടിലെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കബറടക്കി. ഇവർക്ക് നാല് മക്കളുണ്ട്, അസ്മൽ, അൻഫാൽ, എസിൻ ഫാറൂഖ്, ഫെല്ല മെഹ്റിൻ.

error: Content is protected !!