ഫെയ്സ്ബുക് കുറിപ്പിൽ അറസ്റ്റ്; മണിപ്പുരി സാമൂഹിക പ്രവർത്തകനെ വിട്ടയയ്ക്കാൻ ഉത്തരവ്

Web Desk

ഫെയ്സബുക് പോസ്റ്റിന്റെ പേരിൽ അറസ്റ്റിലായ മണിപ്പുരി സാമൂഹിക പ്രവർത്തകനായ എറൻഡ്രോ ലൈചോംബാമിനെ വിട്ടയയ്ക്കാൻ സുപ്രീം കോടതി ഉത്തരവ്. തിങ്കളാഴ്ച വൈകിട്ട് 5 മണിക്കുള്ളിൽ അദ്ദേഹത്തെ ജയിൽനിന്നു വിട്ടയയ്ക്കണമെന്ന് കോടതി നിർദേശിച്ചു. ‘ഗോമൂത്രമോ ചാണകമോ കോവിഡ് ഭേദമാക്കില്ല’ എന്ന ഫെയ്സ്ബുക് പോസ്റ്റിനു പിന്നാലെയാണ് എറൻഡ്രോമിനെ ദേശീയസുരക്ഷാ നിയമപ്രകാരം (എൻഎസ്എ) മണിപ്പുർ പൊലീസ് മേയിൽ അറസ്റ്റ് ചെയ്തത്.

എറൻഡ്രോയുടെ പിതാവ് നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച്, ആയിരം രൂപയുടെ വ്യക്തിഗത ബോണ്ടിന്മേൽ എറൻഡ്രോയെ വിട്ടയയ്ക്കാൻ ഉത്തരവിടുകയായിരുന്നു. കേസ് നാളത്തേക്ക് മാറ്റിവയ്ക്കണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അപേക്ഷ കോടതി സ്വീകരിച്ചില്ല. ‘തുടർച്ചയായി തടഞ്ഞുവയ്ക്കുന്നത് ആർട്ടിക്കിൾ 21 പ്രകാരം ലഭിക്കേണ്ട ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ്. എറൻഡ്രോയെ തിങ്കളാഴ്ച വൈകിട്ട് 5 മണിക്കുള്ളിൽ മോചിപ്പിക്കണം.’ – കോടതി ഉത്തരവിട്ടു.

അന്തരിച്ച, മണിപ്പൂർ ബിജെപി അധ്യക്ഷൻ എസ്. ടി കേന്ദ്ര സിങ്ങിനെ വിമർശിച്ചതിന്റെ പേരിലാണ് മാധ്യമപ്രവർത്തകൻ കിഷോർചന്ദ്ര വിങ്ഖേപിനൊപ്പം എറൻഡ്രോ ലൈചോംബാമിനെ അറസ്റ്റ് ചെയ്തത്. അനുശോചന സന്ദേശത്തിനൊപ്പം ഗോമൂത്രമോ ചാണകമോ കോവിഡ് ഭേദമാക്കില്ലെന്ന് ഇവർ കുറിച്ചിരുന്നു. മണിപ്പൂർ ബിജെപി വൈസ് പ്രസിഡന്റ് ഉഷാം ദെബാൻ, ജനറൽ സെക്രട്ടറി പി. പ്രേമാനന്ദ മീറ്റെ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

error: Content is protected !!