കേരള അതിര്‍ത്തിയില്‍ കര്‍ശന ജാഗ്രത; വാഹനങ്ങളില്‍ പരിശോധന

Web Desk

മംഗലൂരുവില്‍ അടുപ്പിച്ച് രണ്ട് കൊലപാതകങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തിലും ജാഗ്രത കര്‍ശനമാക്കി. കര്‍ണാടകയുമായുള്ള അതിര്‍ത്തി മേഖലകളിലാണ് നിരീക്ഷണം ശക്തമാക്കിയത്. കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കേരള അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കാന്‍ മംഗലൂരു പൊലീസ് കമ്മീഷണറും കര്‍ണാടക പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരട്ടകൊലപാതകങ്ങളുമായി ബന്ധപ്പെട്ട തുടര്‍ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കാന്‍ ഇരു സംസ്ഥാനങ്ങളിലേയും പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സുള്ള്യയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തിന് ശേഷം പ്രതികള്‍ കാസര്‍കോട്ടേയ്ക്ക് ബൈക്കില്‍ കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കണ്ടെടുത്തിരുന്നു. കേസില്‍ ഉള്‍പ്പെട്ട രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കേരള അതിർത്തിയായ വെള്ളാരയില്‍ നിന്നും പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.

error: Content is protected !!