സംസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളികൾ നവംബർ 12 ന് പണിമുടക്കുന്നു

മുക്കം:രോഗികളുടെ ജീവന്റെ വിലയുള്ള അത്യാഹിത ഘട്ടങ്ങളെയും ജനങ്ങളുടെ സന്മനസിനെയും ചൂഷണം ചെയ്ത് പണം തട്ടുന്ന ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെയും മറ്റും അടിയന്തിരമായി രക്തം ആവശ്യപ്പെട്ട് വരുന്ന നമ്പറുകൾ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങൾ തട്ടിപ്പുകൾ നടപ്പിലാക്കുന്നത്.

അത്യാവശ്യമായി ബ്ലഡ് കിട്ടുക എന്ന ലക്ഷ്യത്തോടെ നെട്ടോട്ടമോടുന്ന ബന്ധുക്കളുടെയും സുമനസ്സുകളുടെയും മാനസികാവസ്ഥയാണ് ഇവർ മുതലെടുക്കുന്നത്. രക്തം നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിളിച്ച്, യാത്രച്ചെലവിനായോ മറ്റ് ആവശ്യങ്ങൾക്കായോ മുൻകൂറായി ഗൂഗിൾ പേ വഴി പണം വാങ്ങിയ ശേഷം മുങ്ങുന്നതാണ് ഇവരുടെ രീതി.

അടുത്തിടെ മഞ്ചേരി സ്വദേശിക്ക് എം.വി.ആർ കാൻസർ സെന്ററിലെ രോഗിക്ക് വേണ്ടി അപൂർവ്വ ഗ്രൂപ്പ് രക്തം ‘എന്റെ മുക്കം സന്നദ്ധ സേന’യുടെ നേതൃത്വത്തിൽ സൗജന്യമായി ക്രമീകരിച്ചു നൽകിയിരുന്നു. എന്നാൽ ഇതിനുപിന്നാലെ സന്നദ്ധ സേനയുടെയും മറ്റും നമ്പറുകൾ ദുരുപയോഗം ചെയ്ത്, തങ്ങൾ എൻ.ഐ.ടിയിലെ വിദ്യാർത്ഥികളാണെന്നും രക്തം നൽകാൻ വരാൻ ചെറിയ ചിലവുണ്ട്, അത് അയച്ചു തരണമെന്നും ആവശ്യപ്പെട്ട് പണം തട്ടിയ സംഭവങ്ങൾ പുറത്തുവന്നിട്ടുണ്ട്. മലയോര മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ സേവനങ്ങളെപ്പോലും മറയാക്കിയാണ് ഈ തട്ടിപ്പുകൾ അരങ്ങേറുന്നത്.

സമാനമായ കേസുകളിൽ പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പണം തിരികെ വാങ്ങിപ്പിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എങ്കിലും ഇത്തരം തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, അപരിചിതരായ വ്യക്തികൾക്ക് രക്തദാനത്തിന്റെ പേരിൽ മുൻകൂറായി യാതൊരുവിധ പണവും കൈമാറരുമെന്നും അധികൃതരും സന്നദ്ധ പ്രവർത്തകരും മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!