
newsdesk
കോഴിക്കോട്: ഷിംജിത മുസ്തഫയ്ക്ക് പൊലീസിന്റെ ഭാഗത്തുനിന്നും അനാവശ്യ പരിഗണന ലഭിക്കുന്നതായി ദീപക്കിന്റെ കുടുംബം. പൊലീസിന്റെ ഭാഗത്തുനിന്നുള്ള പ്രവൃത്തികൾ കാണുന്നവർക്ക് തന്നെ ഇത് വ്യക്തമായി മനസിലാകുമെന്നും ഇത് തങ്ങളോടുള്ള ആക്ഷേപമാണെന്നും ദീപക്കിന്റെ അച്ഛൻ ചോയി പറഞ്ഞു.
വടകരയിലെ ബന്ധുവീട്ടിൽനിന്നും ഷിംജിതയെ സ്വകാര്യ വാഹനത്തിലാണ് പൊലീസ് കൊണ്ടുപോയത്. മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ് പൊലീസ് ഇതൊക്കെ ചെയ്യുന്നതെന്നും ചോയി ആരോപിച്ചു. കസ്റ്റഡിയിലെടുത്ത ശേഷം പ്രതിക്ക് വേഷം മാറുന്നതിനു പൊലീസ് അവസരമൊരുക്കിയെന്നും ദീപക്കിന്റെ ബന്ധു ആരോപിച്ചു.
അതേസമയം ബസിലെ സിസിടിവി ദൃശ്യങ്ങളിൽ അസ്വാഭാവികമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. അസിസ്റ്റന്റ് പ്രഫസർ യോഗ്യതയുള്ള, മുൻ പഞ്ചായത്ത് മെംബറായിരുന്ന ഷിംജിതയ്ക്ക് നിയമത്തെക്കുറിച്ച് കൃത്യമായ അവബോധമുണ്ടായിരുന്നു. ബസ് ജീവനക്കാരോട് ഒരു പരാതിയും പറഞ്ഞിട്ടില്ല. വടകര, പയ്യന്നൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലോ മറ്റു സ്ഥലങ്ങളിലോ യാതൊരു വിധ പരാതികളും പ്രതി നൽകിയിട്ടില്ല. ബസിൽ നിന്ന് സ്വാഭാവികമായ രീതിയിലാണ് ഷിംജിത ഇറങ്ങി പോയതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
യാത്രയ്ക്കിടെ ബസിൽ വച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ലൈംഗികാതിക്രമം നടത്തിയെന്ന രീതിയിൽ വിഡിയോ ചിത്രീകരിച്ച് ഷിംജിത സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ശനിയാഴ്ച ദീപക് ആത്മഹത്യ ചെയ്തത്.