ശ്രീകാന്ത് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

Web Desk

ലൈംഗികാതിക്രമ കേസില്‍ പ്രതിയായ വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ യുവതിയുടെ പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമുണ്ടെന്നുമാണ് ജാമ്യാപേക്ഷയില്‍ ശ്രീകാന്ത് പറഞ്ഞത്. പരാതിക്കാരി തന്റെ സുഹൃത്തായിരുന്നുവെന്നും തന്നോട് സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടെയാണെന്നും ശ്രീകാന്ത് വെട്ടിയാര്‍ അവകാശപ്പെട്ടു. ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിലായിരുന്നു. ഏത് നിമിഷവും അറസ്റ്റുണ്ടാകാമെന്ന സാഹചര്യത്തിലാണ് ശ്രീകാന്ത് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്. ശ്രീകാന്ത് വെട്ടിയാര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ശ്രീകാന്തിനെ തേടി പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒരാഴ്ച്ചയായി ശ്രീകാന്ത് ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ശ്രീകാന്തിനെതിരെ ലൈംഗികാതിക്രമ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലെ രണ്ട് ഹോട്ടലുകളിലും ആലുവയിലെ ഫ്ളാറ്റിലുമെത്തിച്ച് പീഡിപ്പിച്ചതായി എഫ്.ഐ.ആറില്‍ പറയുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവതി നേരിട്ട് പരാതി നല്‍കുകയായിരുന്നു.

ശ്രീകാന്ത് വെട്ടിയാര്‍ നിരവധി പെണ്‍കുട്ടികളെ ഇതിനകം പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും അവരെല്ലാം സമാന അനുഭവങ്ങള്‍ തന്നോട് പങ്കുവെച്ചെന്നും യുവതി ആരോപിച്ചിരുന്നു. വിമന്‍ എഗെയിന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണം ആദ്യം വന്നത്. വീണ്ടും അതേ പേജിലൂടെ മറ്റൊരാള്‍ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

error: Content is protected !!