
newsdesk
പത്തനംതിട്ട: ശബരിമലയിൽനിന്ന് വാങ്ങുന്ന അരവണയും ഉണ്ണിയപ്പവും ഇനി ചുമന്നുകൊണ്ടുപോകേണ്ടതില്ല. ഭക്തർക്ക് ആവശ്യമുള്ള അളവിൽ അരവണയും മറ്റ് പ്രസാദങ്ങളും രാജ്യത്തെ ഏത് വിലാസത്തിലും വീട്ടിലെത്തിക്കുന്നതിനുള്ള സൗകര്യം നിലവിൽ വന്നു. ഇന്ത്യാ പോസ്റ്റിന്റെ സ്പീഡ് പോസ്റ്റ് സേവനത്തിലൂടെയാണ് പ്രസാദങ്ങൾ സുരക്ഷിതമായി വീടുകളിലെത്തിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡും ഇന്ത്യാ പോസ്റ്റും സംയുക്തമായി നടപ്പാക്കുന്ന ‘സ്വാമി പ്രസാദം’ പദ്ധതിയുടെ ഭാഗമായാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
2026-27 മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് ഭക്തർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി സന്നിധാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ബുക്കിങ് കൗണ്ടർ ആരംഭിച്ചിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ അരവണ, അപ്പം വിതരണ കൗണ്ടറുകൾക്ക് സമീപമാണ് ഇന്ത്യാ പോസ്റ്റിന്റെ സേവനകേന്ദ്രം പ്രവർത്തിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ കൗണ്ടറിന്റെ ഉദ്ഘാടനം നിർവഹിച്ചു.
സന്നിധാനത്തെ പ്രത്യേക കൗണ്ടറിന് പുറമെ രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് വഴിയും പ്രസാദങ്ങൾ ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുന്ന പ്രസാദങ്ങൾ സ്പീഡ് പോസ്റ്റ് പാഴ്സലായി ഭക്തർ നൽകുന്ന വിലാസത്തിൽ എത്തിക്കും. അരവണയും ഉണ്ണിയപ്പവും ഉൾപ്പെടുന്ന വിവിധ പ്രസാദ കിറ്റുകൾ 345, 350, 755 രൂപ നിരക്കുകളിൽ ലഭ്യമാണ്. അരവണ ടിന്നായും ബുക്ക് ചെയ്യാം. പ്രസാദത്തിന്റെ വിലയും തപാൽ നിരക്കും ഒരുമിച്ച് അടച്ചോ, അരവണ വാങ്ങിയശേഷം തപാൽ നിരക്ക് മാത്രം അടച്ചോ ഈ സേവനം പ്രയോജനപ്പെടുത്താം.
മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് സന്നിധാനത്തെ തിരക്കും പ്രസാദങ്ങൾ ചുമന്നുകൊണ്ടുപോകുന്നതിനുള്ള ബുദ്ധിമുട്ടും ഒഴിവാക്കാൻ പുതിയ സംവിധാനം സഹായകമാകും. ദർശനം കഴിഞ്ഞ് മടങ്ങുന്ന തീർഥാടകർക്ക് പ്രസാദങ്ങൾ കൈയിൽ കൊണ്ടുപോകാതെ തന്നെ വീട്ടിലെത്തിക്കാമെന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ശബരിമല പ്രസാദം എത്തിച്ചുനൽകാനും ഇതിലൂടെ സാധിക്കും.