
ഇതിഹാസ ഗായകന് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാര ചടങ്ങുകള്‍ പുരോഗമിക്കുന്നു. ചെന്നൈ റെഡ് ഹില്‍സിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങ്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിനിമാമേഖലയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും നൂറുകണക്കിന് ആരാധകരുമാണ് റെഡ് ഹില്‍സില്‍ എത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ പൊലീസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ചലച്ചിത്ര താരങ്ങളായ വിജയ്, അര്ജുന്, റഹ്മാന്, സംവിധായകരായ ഭാരതിരാജ, അമീര്‍ തുടങ്ങിയവരൊക്കെ എത്തിയിരുന്നു. ഇന്നലെ കോടമ്പാക്കത്തെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച സമയത്തും ആരാധകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.
ഓഗസ്റ്റ് അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് എസ്പിബിയെ ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡിനൊപ്പം ന്യൂമോണിയ കൂടി വന്നതോടെ നില വഷളായ അദ്ദേഹത്തെ ഓഗസ്റ്റ് 14ന് വെന്റിലേറ്ററിലേക്കും മാറ്റിയിരുന്നു. ഈ മാസം നാലിന് നടത്തിയ കൊവിഡ് പരിശോധന നെഗറ്റീവ് ആയിരുന്നുവെങ്കിലും വെന്റിലേറ്ററില്‍ നിന്ന് മാറ്റേണ്ട അവസ്ഥയിലേക്ക് ആരോഗ്യനില എത്തിയിരുന്നില്ല.
എസ് പി ബി തിരിച്ചുവരവിന്റെ പാതയിലാണെന്ന തരത്തിലുള്ള പ്രതീക്ഷകള്‍ ഉണര്‍ത്തിയ രണ്ടാഴ്ചകള്‍ക്കുശേഷമാണ് വ്യാഴാഴ്ച വൈകിട്ട് ആശുപത്രിയുടെ പുതിയ മെഡിക്കല്‍ ബുള്ളറ്റിന് പുറത്തെത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യനില കൂടുതല്‍ വഷളായെന്നും പരമാവദി ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് കഴിയുന്നതെന്നുമായിരുന്നു ബുള്ളറ്റിനില്‍. സ്ഥിതി വീണ്ടും വഷളാക്കി ഇന്നലെ രാവിലെ അദ്ദേഹത്തിന് ഹൃദയാഘാതവും സംഭവിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു മരണം.