
newsdesk
കോഴിക്കോട്∙ റിസർവേഷൻ ടിക്കറ്റെടുക്കാൻ കൗണ്ടറിൽ പണം സ്വീകരിക്കില്ലെന്ന റെയിൽവേ ഉത്തരവ് 2 മണിക്കൂറോളം പാലക്കാട് ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. രാവിലെ പത്തേമുക്കാലോടെ വന്ന ഉത്തരവ് 12.45 ആയപ്പോഴേക്കും പിൻവലിക്കുകയും ചെയ്തു. തത്കാൽ ഒഴികെയുള്ള റിസർവേഷൻ സേവനങ്ങൾ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചു മാത്രമേ നടക്കൂവെന്ന വിവരം ടിക്കറ്റ് റിസർവ് ചെയ്യാൻ കൗണ്ടറിലെത്തിയപ്പോഴാണ് യാത്രക്കാർ അറിഞ്ഞത്. പല സ്റ്റേഷനുകളിലും ഇതു തർക്കത്തിനിടയാക്കി. മുന്നറിയിപ്പില്ലാതെ ഇതു നടപ്പാക്കുന്നതു ശരിയല്ലെന്നും ഇതുസംബന്ധിച്ച അറിയിപ്പ് എഴുതിയവയ്ക്കേണ്ടതല്ലേ എന്നുമുള്ള ചോദ്യങ്ങളെത്തുടർന്ന് കോഴിക്കോട്, വള്ളിക്കുന്ന് തുടങ്ങിയ സ്റ്റേഷനുകളിൽ ബോർഡും സ്ഥാപിച്ചു.
കാർഡില്ലാതെ പണവുമായി വന്ന യാത്രക്കാർ ടിക്കറ്റ് ലഭിക്കാതെ മടങ്ങിയത് പ്രതിഷേധത്തിനിടയാക്കിയതോടെ റെയിൽവേ തീരുമാനത്തിൽനിന്നു പിൻവാങ്ങി. അതേസമയം, പാലക്കാട് ഡിവിഷനിൽതന്നെ എല്ലാ സ്റ്റേഷനിലും ഇതു നടപ്പാക്കിയിട്ടുമില്ല. ഡിജിറ്റൽ പണമിടപാട് 100 ശതമാനമാക്കണമെന്ന നിർദേശം നേരത്തേയുള്ളതാണ്. പല സ്റ്റേഷനുകളിലും റെയിൽവേ ലക്ഷ്യമിട്ട നിലവാരത്തിലേക്ക് ഡിജിറ്റൽ പണമിടപാട് ഉയർന്നിട്ടില്ല. ഇതിനെത്തുടർന്ന് ജീവനക്കാരുടെ മേൽ കനത്ത സമ്മർദമുണ്ടെന്നും പറയുന്നു.
ഈ സാഹചര്യത്തിലാണ് ഇന്നലെ നിർദേശം വന്നയുടൻ അതു കർശനമായി നടപ്പാക്കാൻ താഴെത്തട്ടിലെ ഉദ്യോഗസ്ഥർ നീക്കം നടത്തിയത്. അടുത്ത വർഷത്തോടെ പണിടപാടുകൾ പൂർണമായും ഡിജിറ്റലാക്കുമെന്ന് റെയിൽവേ മന്ത്രി തന്നെ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.