അഗ്നിപഥിനെതിരെ കേരളത്തിലും തമിഴ്‌നാട്ടിലും പ്രതിഷേധം

Web Desk

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനികസേവനപദ്ധതിയായ അഗ്നിപഥിനെതിരെ കേരളത്തിലും തമിഴ്‌നാട്ടിലും പ്രതിഷേധം. തിരുവനന്തപുരത്ത് മുന്നൂറിലേറെ ഉദ്യോഗാര്‍ത്ഥികളാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കെതിരെ പ്രതിഷേധവുമായി തടിച്ചുകൂടിയത്. തമ്പാനൂരില്‍ നിന്ന് രാജ്ഭവനിലേക്ക് ഇവര്‍ മാര്‍ച്ച് നടത്തി. വീ വാണ്ട് ജസ്റ്റിസ് തുടങ്ങിയ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായാണ് ഉദ്യോഗാര്‍ത്ഥികള്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. സൈന്യത്തില്‍ ചേരുന്നതിനായുള്ള മെഡിക്കല്‍ ടെസ്റ്റ്, കായികക്ഷമത പരിശോധന അടക്കം നടത്തിയവരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. കൊറോണ വ്യാപനത്തെത്തുടര്‍ന്ന് എഴുത്തുപരീക്ഷ നടത്താനാകാതിരുന്നതോടെ ഇവരുടെ റിക്രൂട്ട്‌മെന്റ് നീണ്ടുപോകുകയായിരുന്നു.

കോഴിക്കോട് പ്രതിഷേധത്തില്‍ അഞ്ഞൂറിലേറെ പേരാണ് പങ്കെടുത്തത്. കാസര്‍കോട് മുതല്‍ തൃശൂരില്‍ നിന്നുവരെയുള്ള ഉദ്യോഗാര്‍ത്ഥികളാണ് കോഴിക്കോട് തടിച്ചുകൂടിയത്. മെഡിക്കല്‍, കായിക്ഷമത പരീക്ഷകള്‍ പാസായ ഉദ്യോഗാര്‍ത്ഥികളാണ് സമരരംഗത്തുള്ളത്. എഴുത്തുപരീക്ഷ എത്രയും വേഗം നടത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

error: Content is protected !!