
newsdesk
വീടുകയറി ആക്രമണം നടത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ഒപ്പം സെൽഫിയെടുത്ത് പോലീസ്. പ്രതികളെ പിടികൂടിയ ശേഷമായിരുന്നു സെൽഫി എടുത്തത്. പന്തളം പൊലീസായിരന്നു പ്രതികളെ പിടികൂടിയത്. വീട് കയറി അതിക്രമം നടത്തി കുടുംബാംഗങ്ങളെ ആക്രമിച്ച കേസ് ഉൾപ്പെടെ നിരവധി കേസിലെ പ്രതികളായ അച്ഛനും മക്കളും ഉൾപ്പെടെ 6 അംഗ സംഘങ്ങളെ തമിഴ്നാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
കുളനട,ഉളനാട്,കരിമല,കോഴിമല പുത്തൻവീട്ടിൽ, കുഞ്ഞുമോൻ (55), മക്കളായ , ബിബിൻ (32), സിബിൻ, ( 29 ), അയൽവാസിയും സുഹൃത്തുക്കളുമായ കുളനട, ഉളനാട്,ബിനു ഡാനിയൽ (42), കുളനട,ഉളനാട്,കരിമല വല്യയ്യത്ത്, ഉമേഷ് കുമാർ (32),കുളനട,ഉളനാട്,കരിമല, ചിഞ്ചു ഭവനിൽ,സഞ്ജു (22) , എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുളനടയിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരെ ആക്രമിച്ച ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു പ്രതികൾ. അക്രമത്തിൽ ഗൃഹനാഥയുടെ മുഖത്ത് പരിക്കേൽക്കുകയും പല്ല് നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഒപ്പം മകന്റെ കാലിന് കമ്പിവടിക്ക് അടി കൊണ്ട് ഒടിവു സംഭവിക്കുകയും വീട്ടുസാമഗ്രികൾ പൂർണമായും നശിക്കുകയും ചെയ്തിരുന്നു.
വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ആയിരുന്നു സംഘം വീടു കയറി ആക്രമിച്ചത്. തമിഴ്നാട്ടിലെ വിവിധ ലോഡ്ജികളിൽ മാറിമാറി താമസിച്ച സംഘത്തെ പിടികൂടാൻ പോലീസ് പ്രത്യേക ടീമിനെ ഉൾപ്പെടുത്തിയിരുന്നു. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ ഒളിവിലായിരുന്ന പ്രതികളെ സാഹസികമായാണ് പിടികൂടിയത്