പോലീസ് സ്റ്റേഷനിൽ എത്താതെയും ഇനി പരാതി നൽകാം; നൽകേണ്ടത് ഈ വിവരങ്ങൾ, ഡിജിപി ഒഫീസിലും പരാതിയെത്തും; പോൽ ആപ്പിൽ എല്ലാം സജ്ജം

newsdesk

പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്താതെയും പരാതി നൽകാനുള്ള സംവിധാനം കൂടുതൽ വിപുലമാക്കി കേരള പോലീസ്. കയ്യിലുള്ള സ്മാർട്ട് ഫോണിലൂടെ പരാതി നൽകുവാനുള്ള സൗകര്യം തയ്യാറാക്കിയതായി കേരള പോലീസ് അറിയിച്ചു. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൾ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ നിങ്ങൾക്ക് പരാതി നൽകാം.

പോൽ ആപ്പ് ഇൻസ്റ്റാൾ ചെയ്‌തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈൽ നമ്പർ, ആധാർ നമ്പർ, പൂർണ മേൽവിലാസം എന്നിവ ആദ്യഘട്ടത്തിൽ നൽകണം.

തുടർന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘു വിവരണം എന്നിവ രേഖപ്പെടുത്തി പോലീസ് സ്റ്റേഷൻ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്ട് ചെയ്ത് നൽകിയശേഷം അനുബന്ധമായി രേഖകൾ നല്കാനുണ്ടെങ്കിൽ അതുകൂടി അപ്‌ലോഡ് ചെയ്യാവുന്നതാണ്.

അടുത്തതായി, ആർക്കെതിരെയാണോ പരാതി നൽകുന്നത് (എതിർകക്ഷി അല്ലെങ്കിൽ സംശയിക്കുന്ന ആളുടെ) വിവരങ്ങൾ കൂടി നൽകി പരാതി സബ്മിറ്റ് ചെയ്യാവുന്നതാണ്. പോലീസ് സ്റ്റേഷൻ മുതൽ ഡിജിപി ഓഫീസിലേക്ക് വരെ പരാതി നൽകുവാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.

പരാതി നൽകിയതിനുള്ള രസീത് പരാതിക്കാരന് ഡൌൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. സമർപ്പിച്ച പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും പരിശോധിക്കാനും ഇതിലൂടെ കഴിയുമെന്ന് കേരള പോലീസ് കുറിപ്പിലൂടെ വ്യക്തമാക്കി. സ്റ്റേഷൻ എത്താതെ കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്തി പരാതി നൽകാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കും പ്രായമായവർക്കും ഈ രീതി സഹായമാകും.

error: Content is protected !!