
newsdesk
കോഴിക്കോട് : 2025 മാർച്ച് നാലിന് ആരംഭിച്ച ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ അതത് സ്കൂളിൽ സൂക്ഷിക്കുന്നതിനാൽ സ്കൂളിലെ ഓഫീസ് അറ്റൻഡൻ്റ്മാരെ രാത്രികാല സുരക്ഷ ഡ്യൂട്ടിക്ക് ഒരു മാസത്തോളം കാലയളവിൽ തുടർച്ചയായി നിയോഗിച്ച വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉത്തരവിനെതിരെ എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ ( ASMSA) പ്രതിഷേധിച്ചു.
ഒരു ജീവനക്കാരന് തുടർച്ചയായി മാസങ്ങളോളം രാത്രികാല ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. അതേപോലെതന്നെ യാതൊരു സുരക്ഷയും ഇല്ലാത്ത പ്രദേശങ്ങളിൽ ഒറ്റയ്ക്ക് യാതൊരു പരിശീലനം ലഭിച്ചിട്ടില്ലാത്ത ഓഫീസ് അറ്റൻഡൻ്റ്മാർ വളരെ ദൂരെയുള്ള സ്ക്കൂളുകളിൽ നൈറ്റ് ഡ്യൂട്ടി ചെയ്യേണ്ട അവസ്ഥ ഉണ്ടാകുമ്പോൾ അത് ശാരീരികമായും മാനസികമായും പ്രയാസങ്ങൾ നേരിടുന്നു. ചില ജീവനക്കാർക്ക് അസുഖം വന്നിട്ട് പോലും ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കാൻ പ്രിൻസിപ്പൽമാർ അനുവദിച്ചില്ല എന്ന് പരാതിയുമുണ്ട്.
ഇത്തരം കാര്യങ്ങൾ ഒരിക്കലും നീതീകരിക്കാൻ കഴിയുന്നതല്ല. ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം മുതൽ ഹയർ സെക്കൻഡറി ചോദ്യപേപ്പർ, എസ്എസ്എൽസി പരീക്ഷയുടെ ചോദ്യപേപ്പർ ട്രഷറികളിൽ സൂക്ഷിക്കുന്നത് പോലെ തന്നെ സംവിധാനം ഏർപ്പെടുത്താമെന്ന് പറഞ്ഞിരുന്നു എന്നാൽ അത് നടപ്പിലായില്ല. അതുമല്ലെങ്കിൽ ക്ലസ്റ്റർ അടിസ്ഥാനത്തിൽ ചോദ്യപേപ്പർ സൂക്ഷിച്ച് അതിന് പോലീസ് കാവൽ ഏർപ്പെടുത്തുന്ന സംവിധാനം ചെയ്യണമെന്നും ചൂണ്ടിക്കാട്ടി സംഘടന സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. ഈ വർഷം ഇതൊന്നും നടപ്പിലായില്ല അതീവ സുരക്ഷയോടെ സൂക്ഷിക്കേണ്ട ചോദ്യപേപ്പർ സ്കൂളുകളിൽ സൂക്ഷിക്കുന്ന അവസ്ഥയിൽ ഒരു ഓഫീസ് അറ്റൻഡൻ്റ് മാത്രം സുരക്ഷയ്ക്കായി നിൽക്കുന്നത് വളരെ പ്രയാസപ്പെട്ട കാര്യമാണ്.
അതുകൊണ്ടുതന്നെ ഒരാളെ മാത്രം മാസങ്ങളോളം ഡ്യൂട്ടിക്കിടുന്ന നടപടി പുന: പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ (ASMSA) സംസ്ഥാന കമ്മിറ്റിക്കുവേണ്ടി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പൊന്നുമണി കെ കെ, താമരശ്ശേരി വിദ്യാഭ്യാസ ജില്ല അംഗം ആൻറണി എന്നിവർ ചേർന്ന് കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയരക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്.