സംസ്ഥാന പാതയിലെ അശാസ്ത്രീയ നിർമ്മാണം അഗസ്ത്യൻമുഴിയിലെ കെട്ടിട ഉടമകൾക്ക് ലക്ഷങ്ങളുടെ നഷ്ടം കോടതി ഇടപെട്ടിട്ടും പ്രശ്ന പരിഹാരമായില്ല

മുക്കം: കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാത നവീകരണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ നിർമ്മാണം മൂലം സ്വകാര്യ വ്യക്തികൾക്കുണ്ടായത് ലക്ഷങ്ങളുടെ നഷ്ടം. 3 സഹോദരിമാരുടെ ഉടമസ്ഥതയിലുള്ള 18 റൂമുകളുള്ള 2 കെട്ടിടങ്ങളിൽ നിന്ന് വാടകക്കാർ ഒഴിഞ്ഞ് പോയതാണ് സാമ്പത്തിക നഷ്ടമുണ്ടാവാൻ കാരണം. നേരത്തെ ഇവരുടെ സ്ഥലം പൊതുമരാമത്ത് വകുപ്പ് കയ്യേറിയതായി കണ്ടത്തിയിട്ടും സംഭവത്തിൽ കോടതി ഉത്തരവുണ്ടായിട്ടും സ്ഥലം തിരിച്ചുനൽകാൻ നടപടി സ്വീകരിക്കുന്നില്ലന്നും ഉടമകൾ പറയുന്നു .

രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന അഗസ്ത്യൻമുഴി അങ്ങാടിയിലാണ് 3 സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളസ്ഥലത്ത് അവരുടെ ഭൂമിയിലേക്ക് കയറി അശാസ്ത്രീയമായി ഡ്രൈനേജ് നിർമ്മിച്ചത്. ഇതോടെ ഇവരുടെ കെട്ടിടത്തിലേക്ക് വാഹനങ്ങൾ കയറാതാവുകയും വാടകക്കാർ ഒഴിഞ്ഞു പോവുകയും ചെയ്തതോടെ ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടവും വന്നു. ഒരു മീറ്ററോളം വീതിയിൽ 33 മീറ്റർ സ്ഥലമാണ് കയ്യേറിയതെന്ന് സ്ഥലമുടകകളായ റംല, ലൈസല, ലൈല എന്നിവർ പറഞ്ഞു. ഇതോടെ തിരുവമ്പാടി എം എൽ എ സി.കെ കാസിം പൊതുമരാമത്ത്, കെ.എസ്.ടി.പി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുകയും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സുനിതയുടെ നേതൃത്വത്തിൽ പരിശോധന നടത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു.


നേരത്തെ മുൻ എംഎൽഎ ലിൻേറാ ജോസഫ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി, ജില്ല കലക്ടർ എന്നിവർക്കെല്ലാം പരാതി നൽകിയിട്ടും ഫലമില്ലാതായതോടെ കെട്ടിട ഉടമകൾ കോടതിയെ സമിപിക്കുകയും സ്ഥലം സർവേ ചെയ്ത് സ്ഥലം കയ്യേറിയതായി കണ്ടെത്തുകയും തിരിച്ചു നൽകാൻ അനുകൂല ഉത്തരവ് വാങ്ങുകയും ചെയ്തിരുന്നു. പക്ഷെ ഇത് നടപ്പാക്കാനും അധികൃതർ തയ്യാറായിരുന്നില്ല. ഇതോടെ 4 വർഷത്തിനിടെ 30 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കെട്ടിട ഉടമകൾക്ക് ഉണ്ടായത്. നിലവിൽ കെട്ടിട ഉടമകളുടെ മാതാവിന് മരുന്ന് വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയാണന്നും ഇവർ പറയുന്നു. കയ്യേറ്റം പൊളിച്ചുമാറ്റാൻ ഉത്തരവ് നിലനിൽക്കേ മുൻ എം എൽ എയുടെ നേതൃത്വത്തിൽ എത്തി വീണ്ടും സ്ലാബ് സ്ഥാപിച്ചതായും ആരോപണമുണ്ട്.
നിലവിലെ എംഎൽഎ സി.കെ കാസിമിൻ്റെ നേതൃത്വത്തിൽ എത്തിയ സംഘം, കെട്ടിടത്തിലേക്ക് റാമ്പുകൾ നിർമ്മിക്കാമെന്നും ഗതാഗത സൗകര്യമൊരുക്കാമെന്നും റോഡ് നിർമ്മാണത്തിനെടുത്ത ഇവരുടെ ഭുമി അക്വയർ ചെയ്ത് സർക്കാർ ഏറ്റെടുത്ത് പണം നൽകുന്നതിനാവശ്യമായ നടപടി സ്വീകരിക്കാമെന്നും എം എൽ എ അറിയിച്ചിട്ടുണ്ട്. എം എൽ എ യുടെ ഇടപെടലിൽവളരെ പ്രതീക്ഷയിലാണ് കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!