
Web Desk
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. വിഴിഞ്ഞത്ത് പെട്രോള്‍ പമ്പില്‍ ഗുണ്ടകൾ ആക്രമണം നടത്തി. ജീവനക്കാരനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് വിലക്കിയതാണ് പ്രകോപനം. കൈയ്ക്കു വെട്ടേറ്റ പെട്രോൾ പമ്പ് ജീവനക്കാരനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച്ച രാത്രി 12 മണിയോടെയാണ് സംഭവം. പമ്പിൽ പെട്രോളടിക്കുന്നതിനായി രണ്ടു യുവാക്കൾ ബൈക്കിൽ എത്തി. ഇതിനിടെ ഇവർ മൊബൈൽ ഫോൺ ഉപയോഗിച്ചത് ജീവനക്കാരൻ വിലക്കി. ഇതു വാക്കുതർക്കത്തിൽ കലാശിച്ചു. ഇതിനുശേഷം പമ്പിൽനിന്നു മടങ്ങിയ യുവാക്കൾ കൂടുതൽപേരുമായി തിരിച്ചെത്തി ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു.
നാല് പേർ അടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്നാണ് സൂചന. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നു. ഇതു കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.