
newsdesk
പയ്യന്നൂർ: അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് ഗുരുതര വീഴ്ചയുണ്ടായതായി വിദഗ്ദ്ധ സമിതി വിലയിരുത്തൽ. ആശുപത്രിയിലെത്തി ആദ്യ ആറ് മണിക്കൂറോളം സമയം കുഞ്ഞിന് ചികിത്സയൊന്നും നൽകിയിരുന്നില്ല. അതിനാൽ, മുറിവിൽ വലിയ രീതിയിലുള്ള രക്തസ്രാവം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്. ഇത്രയും ചെറിയ പരിക്കിന് ജനറൽ അനസ്തേഷ്യ വേണ്ടെന്നാണ് സമിതിയുടെ വിലയിരുത്തൽ. ആനാവശ്യ ചികിത്സയ്ക്കാണ് ഡോക്ടർമാർ ശുപാർശ ചെയ്തത്.
ജനറൽ അനസ്തേഷ്യ കാരണം അപകടമുണ്ടായാൽ അതിനെ മറികടക്കാനുള്ള സൗകര്യം ആശുപത്രിയിൽ വേണമായിരുന്നു. ആ സൗകര്യം ഇല്ലെങ്കിൽ അനസ്തേഷ്യ കൊടുക്കേണ്ട കാര്യമുണ്ടായിരുന്നോ എന്നും ജില്ലാ ഗവൺമെന്റ് പ്ലീഡർ അഡ്വ. കെ അജിത് കുമാർ ചോദിച്ചു. ആശുപത്രിയിൽ ഇതിനുള്ള സൗകര്യമില്ലെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.ആറ് മണിക്കൂറാകുമ്പോൾ മുറിവ് സുഖപ്പെട്ട് തുടങ്ങുമെന്ന് വ്യക്തമായിരിക്കെ ചെറിയ മുറിവിന് പ്ലാസ്റ്റിക് സർജറി ചെയ്യേണ്ടതില്ല. അനസ്തേഷ്യ നൽകി ചികിത്സിക്കാൻ മറ്റുചില താൽപ്പര്യങ്ങൾ ഉണ്ടോയെന്ന് സംശയിച്ചാൽ തെറ്റ് പറയാൻ കഴിയില്ല. ഇങ്ങനെ ഒരു ചികിത്സാ പ്രോട്ടോക്കോൾ ഡോക്ടർമാർക്ക് കൊടുത്തത് ആരാണെന്ന് കൂടി കണ്ടെത്തണം.
രണ്ട് ദിവസത്തിനകം റിപ്പോർട്ട് പൊലീസിന് കൈമാറുമെന്നും അജിത് കുമാർ വ്യക്തമാക്കി.ജനറൽ അനസ്തേഷ്യ നൽകിയതിനെത്തുടർന്ന് തലച്ചോറിൽ ആവശ്യത്തിന് ഓക്സിജൻ കിട്ടാത്തതാണ് മരണകാരണമെന്നാണ് കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പരാമർശിച്ചിരിക്കുന്നത്. ജനറൽ അനസ്തേഷ്യ നൽകിയുള്ള ശസ്ത്രക്രിയയുടെ ആവശ്യം ഇല്ലായിരുന്നുവെന്നും കുട്ടിയുടെ ചുണ്ടിലും താടിയിലുമുള്ലത് ആഴത്തിലുള്ള മുറിവുകൾ അല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.