കേരളത്തില്‍ കലാപം സൃഷ്ടിക്കാൻ ബോധപൂര്‍വം ശ്രമംനടത്തുന്നു- മന്ത്രി റിയാസ്

Web Desk

എ.കെ.ജി. സെന്ററിലേക്ക് സ്ഫോടകവസ്തു എറിഞ്ഞത് ബോധപൂര്‍വമായ സംഭവമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിലെ കോണ്‍ഗ്രസും ബിജിപിയും ഇടതുപക്ഷ വിരുദ്ധരും തുടര്‍ഭരണത്ത അംഗീകരിക്കുന്നില്ല. തുടര്‍ഭരണം വന്നശേഷം കേരളത്തെ കലാപഭൂമിയാക്കാന്‍, ക്രമസമാധാനനില തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് വന്നതിന് ശേഷം ഉറക്കം നഷ്ടപ്പെട്ടവര്‍ വിമോചനസമരം എന്ന ഓമനപ്പേരില്‍ നടത്തിയ അക്രമം പോലെതന്നെ, തുടര്‍ഭരണത്തെ അംഗീകരിക്കാന്‍ തയ്യാറാകാതെ ക്രമസമാധാനനില തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നത്. എകെജി സെന്റര്‍ കേരളത്തിലെ ഇടതുപക്ഷ മനസുള്ളവരുടെ വികാരമാണ്. എകെജി സെന്ററിലേക്ക് ബോംബ് എറിഞ്ഞ് പ്രതിഷേധങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കാനും ക്രമസമാധാനനില തകര്‍ന്നു എന്ന പ്രചാരണം നടത്താനും വേണ്ടിയുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.ബോംബ് എറിഞ്ഞയാളെ മാലയിട്ട് സ്വീകരിക്കാനും കെപിസിസി സെക്രട്ടറിയായി നിയമിക്കാനും ഒരു ലജ്ജയുമില്ലാത്തവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തില്‍ വരില്ലെന്ന ഭയം, അധികാരത്തില്‍ വന്നാല്‍ കട്ടുമുടിച്ച് ജീവിച്ചവരെ സംബന്ധിച്ച് താങ്ങാനാകാത്തതാണ്. തുടര്‍ച്ചയായി ഇത്തരം ശ്രമം നടത്തുന്ന പ്രത്യേകതരം മാനസിക വിഭ്രാന്തിയുള്ളവരായി വലതുപക്ഷ നേതൃത്വം മാറിയിരിക്കുന്നു. സംഭവത്തില്‍ അന്വേഷണം നടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

error: Content is protected !!