ഓപ്പൺ വോട്ട് നിരോധിച്ച് ഉത്തരവിറക്കിയെന്ന് അഭ്യൂഹം മലയോരമേഖലയിലെ പോളിങ് ബൂത്തുകളിലെത്തിയ വോട്ടർമാർ ‘കുടുങ്ങി

മുക്കം : ഓപ്പൺ വോട്ട് നിരോധിച്ച് കളക്ടർ ഉത്തരവിറക്കിയെന്ന സന്ദേശം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിച്ചതോടെ മലയോരമേഖലയിലെ പോളിങ് ബൂത്തുകളിലെത്തിയ വോട്ടർമാർ ‘കുടുങ്ങി.’ ഓപ്പൺ വോട്ട് ചെയ്യാനെത്തിയ, അവശത നേരിടുന്ന വോട്ടർമാരാണ് വോട്ട്‌ രേഖപ്പെടുത്താൻ മുക്കാൽമണിക്കൂറോളം കാത്തുനിന്നത്.

ഓപ്പൺ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് പ്രിസൈഡിങ് ഓഫീസർ അറിയിച്ചതോടെ രാഷ്ട്രീയപ്പാർട്ടികളുടെ ബൂത്ത് ഏജൻറുമാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ, പോളിങ് ബൂത്തിലെത്തി കാത്തുനിൽക്കുന്നവരിൽ അവശത നേരിടുന്നവർക്കുമാത്രം ഓപ്പൺ വോട്ട് രേഖപ്പെടുത്താമെന്ന ധാരണയിലെത്തി. സംഭവം വിവാദമായതോടെ ജനപ്രതിനിധികൾ കളക്ടറേറ്റിൽ ബന്ധപ്പെട്ടതോടെയാണ് ആശങ്ക നീങ്ങിയത്. ഓപ്പൺ വോട്ട് ചെയ്യുന്നതിൽ പോളിങ് ചട്ടം പൂർണമായി പാലിക്കുന്നുണ്ടെന്ന് പ്രിസൈഡിങ് ഓഫീസർ ശ്രദ്ധിക്കണമെന്നു കാണിച്ച് കളക്ടർ ഇറക്കിയ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചതാണ് വിനയായത്. തെറ്റ് ബോധ്യപ്പെട്ടതോടെ, പ്രിസൈഡിങ് ഓഫീസർ ഇടപെട്ട് ഓപ്പൺ വോട്ടിങ് സാധാരണനിലയിലാക്കി.

error: Content is protected !!