ലക്ഷ്യം അഴിമതി ഇല്ലാതെ കള്ളുഷാപ്പ് നടത്തിപ്പ് ; സംസ്ഥാനത്ത് ഇനി മുതൽ കള്ള് ഷാപ്പ് ലൈസൻസ് ഓൺലൈൻ വഴി എടുക്കാൻ സൗകര്യം

newsdesk

സംസ്ഥാനത്ത് ഇനി മുതൽ കള്ള് ഷാപ്പ് ലൈസൻസ് ഓൺലൈൻ വഴി എടുക്കാൻ സൗകര്യം ഒരുക്കി ഉത്തരവിറങ്ങി. 5170 ഷാപ്പുകളുടെ ലൈസന്‍സാണ് ഓൺലൈൻ വഴി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും ഷാപ്പുകൾ തരം തിരിച്ചു നൽകുക. ഷാപ്പ് നടത്തിപ്പിന് ലൈസൻസ് നേടാൻ കൈക്കൂലി നൽകേണ്ടി വരുമെന്ന ആരോപണം വ്യാപകമായതിനെ തുടർന്നാണ് പുതിയ നടപടി.
ഓൺലൈൻ വഴി നേരിട്ട് ലൈസൻസിന് അപേക്ഷിക്കാവുന്ന തരത്തിലാണ് പുതിയ സംവിധാനം സർക്കാർ ഒരുക്കിയിരിക്കുന്നത്.
നേരത്തേ ഷാപ്പ് നടത്തിയവർക്ക് മുൻഗണനയുണ്ട്. തുല്യയോഗ്യതയുള്ളവർ അപേക്ഷിച്ചാൽ നറുക്കെടുപ്പ് നടത്താനും തീരുമാനമായി. അതേസമയം ഷാപ്പുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമത്തിൽ മാറ്റമില്ല.
ഷാപ്പുകളുടെ ലൈസൻസ് നേടാനായി ഓൺലൈൻ അപേക്ഷയ്കൊപ്പം ബന്ധപ്പെട്ട രേഖകളും സമർപ്പിക്കണം. ഇവ പരിശോധിച്ചായിരിക്കും തുടർനടപടികൾ. അപൂർണമായ അപേക്ഷകളുടെ തിരുത്തലിനും പൂർത്തീകരണത്തിനും മൂന്നുദിവസത്തെ സാവകാശം നൽകും. ഷാപ്പ് അനുവദിക്കുന്നവർക്ക് ഓൺലൈനിൽ ഫീസടച്ച് അപേക്ഷ പൂർത്തിയാക്കാം.
നിലവിൽ 5170 ഷാപ്പുകളുടെ ലൈസന്‍സാണ് ഓൺലൈൻ വഴി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും ഷാപ്പുകൾ തരം തിരിച്ചു നൽകുക. ഒരു ഗ്രൂപ്പിൽ അഞ്ചുമുതൽ ഏഴുവരെ ഷാപ്പുകളെ ഉൾപ്പെടുത്തി വിൽപ്പന നടത്തും. എന്നാൽ ആദ്യഘട്ടത്തിൽ ആവശ്യക്കാരെത്തിയില്ലെങ്കിൽ ഗ്രൂപ്പ് ഒഴിവാക്കി പ്രത്യേകം ഓരോ ഷാപ്പുകളായി വിൽപ്പന നടത്തും.
അഴിമതി ഇല്ലാതെ കള്ളുഷാപ്പ് നടത്തിപ്പ് സുഗമമാക്കാനാണ് സർക്കാരിന്റെ പുതിയ നീക്കം.

error: Content is protected !!