
Local News
സ്ത്രീകൾക്ക് മുൻപിൽ നഗ്നതാ പ്രദർശനം നടത്തുകയും ലൈംഗികാതിക്രമം കാണിക്കുകയും ചെയ്ത യുവാവിനെ മുക്കം പൊലിസ് പിടികൂടി. ഓമശേരി പുത്തൂർ നാഗാളിക്കാവ് സ്വദേശി ജലീലിനെ (33)യാണ് പൊലിസ് അറസ്റ്റ് ചെയ്തത്. വഴി ചോദിക്കാനെന്ന വ്യാജേന സ്ത്രീകളുടെ അടുത്ത് വാഹനം നിർത്തി ശരീരത്തിൽ കയറിപ്പിടിക്കുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. നിരവധി സ്ത്രീകളാണ് പ്രതിയുടെ അതിക്രമത്തിന് ഇരയായിട്ടുള്ളത്. ഇയാളുടെ ലൈംഗിക അതിക്രമത്തിനിരയായ സ്ത്രീ നൽകിയ പരാതിയിൽ ദിവസങ്ങൾക്ക് മുൻപ് പൊലിസ് കേസെടുക്കുകയും ഇയാളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
മുക്കത്തെയും സമീപ പ്രദേശങ്ങളിലെയും അൻപതോളം സി.സി.ടി.വി കാമറകൾ പരിശോധിച്ച് പൊലിസ് അന്വേഷണം ഊർജിതമാക്കവെ നായർകുഴി ഏരിമലയ്ക്ക് സമീപം സംശയാസ്പദമായ രീതിയിൽ കണ്ട ഇയാളെ നാട്ടുകാർ പിടികൂടുകയും പൊലിസിനെ അറിയിക്കുകയുമായിരുന്നു.വാഹനം തിരിച്ചറിയാതിരിക്കാൻ സ്കൂട്ടറിന് പിന്നിലെ നമ്പർ പ്ലേറ്റ് ഊരി മാറ്റിയാണ് ഇയാൾ സഞ്ചരിച്ചിരുന്നത്. കെ.എൽ 57 എസ് 1120 നമ്പർ പ്ലേറ്റ് വാഹനത്തിൻ്റെ സീറ്റിനടിയിൽ നിന്ന് പൊലിസ് കണ്ടെടുത്തു. ഏഴ് മാസം മുൻപാണ് ഇയാൾ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. ഐ.പി.സി 509, 354, കേരള പോലീസ് ആക്ട് 119 എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. മുക്കം ഇൻസ്പെക്ടർ കെ.പി അഭിലാഷ്, എസ്.ഐ സജിത്ത് സജീവ്, സിവിൽ പൊലിസ് ഓഫിസർമാരായ സുഭാഷ് മലയമ്മ, അനൂപ് മണാശേരി, ശ്രീകാന്ത് കെട്ടാങ്ങൽ, ശ്രീജേഷ്, അനൂപ് തറോൽ, അജീഷ് പിലാശേരി, ഹോം ഗാർഡ് സിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.