
newsdesk
കോഴിക്കോട്: കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷമെത്തി. ഇന്ന് കാലവർഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിന്റെ തെക്കു പടിഞ്ഞാറൻ, തെക്കു കിഴക്ക് ഭാഗങ്ങളിലേക്ക് ലക്ഷദ്വീപ് മേഖലയിലേക്കും കേരളം, മാഹി, കർണാടക എന്നീ ഭാഗങ്ങളിലേക്കും മഴ വ്യാപിച്ചെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ ഒന്നിനാണ് കാലവർഷം കേരളത്തില്‍ എത്തേണ്ടിയിരുന്നത്. മൂന്ന് ദിവസം വൈകിയാണ് കാലവർഷം സംസ്ഥാനത്തെത്തിയത്.
എട്ട് ജില്ലകളില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തില്‍ ഉടനീളം വ്യാപകമായ മഴയും, ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് ഇന്ന് കനത്ത മഴയാണ് കാലാസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് കോഴിക്കോട് യെലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.