newsdesk
കോഴിക്കോട്: ഫേസ്ബുക്കിൽ നാഥുറാം ഗോഡ്‌സെയെ പ്രകീർത്തിച്ചുകൊണ്ടുള്ള കമന്റ് പങ്കുവച്ച സംഭവത്തിൽ കോഴിക്കോട് എൻഐടി അധ്യാപിക ഷൈജ ആണ്ടവൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ആരോഗ്യ കാരണങ്ങൾ കൊണ്ട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാവില്ലെന്ന് അധ്യാപിക പൊലീസിനെ അറിയിച്ചു.
ഷൈജ ആണ്ടവൻ മൂന്ന് ദിവസത്തേക്കാണ് സമയം ചോദിച്ചിരിക്കുന്നത്. ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30 ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ വിവാദത്തിനിടയാക്കിയ കമന്റിട്ടത്. ‘പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിംഗ് ഇന്ത്യ’ (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയില്‍ അഭിമാനം കൊള്ളുന്നു’) വെന്നായിരുന്നു കമന്റ്. ‘ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നഥൂറാം വിനായക് ഗോഡ്സെ, ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ’ എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്. സംഭവത്തിന് പിന്നാലെ എം എസ് എഫ്, കെഎസ്‌യു എസ്.എഫ്.ഐ എന്നീ വിദ്യാർത്ഥി സംഘടനകൾ നല്‍കിയ പരാതിയില്‍ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തിരുന്നു.
കലാപ ആഹ്വാനത്തിനാണ് അധ്യാപികയ്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പിന്നീട് തീരുമാനിക്കുമെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എൻഐടിയുടെ ആഭ്യന്തരഅന്വേഷണ റിപ്പോർട്ടിന് ശേഷമാകും വകുപ്പു തല നടപടികളുണ്ടാകുക. വ്യാപക പ്രതിഷേധങ്ങളെത്തുടർന്ന് അധ്യാപിക അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്