
newsdesk
കോഴിക്കോട്: നിപ പുതിയ രോഗികളൊന്നുമില്ലാത്ത സാഹചര്യത്തിൽ ജില്ല സാധാരണ ഗതിയിലേക്ക്. വടകര-കുറ്റ്യാടി മേഖലകളിലെ കണ്ടെയിൻമെന്റ് സോണുകളിലെല്ലാം ഇളവ് ഏർപ്പെടുത്തിയതോടെ പതിവ് അവസ്ഥകളിലേക്ക് കോഴിക്കോട് ജില്ല ചലിച്ചുതുടങ്ങി. കടകളൊക്കെ തുറന്നുതുടങ്ങിയിരിക്കുന്നു. വിനോദസഞ്ചാരകേന്ദ്രങ്ങളിലും ജനങ്ങൾ എത്തിയിട്ടുണ്ട്. രണ്ടുപേരുടെ മരണവും നാലുപേരുടെ രോഗ സ്ഥിരീകരണവും ഉണ്ടാക്കിയത് വലിയ ഞെട്ടലിലേക്കാണെങ്കിലും തുടർന്ന് പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസകരമായി. ഇന്നലെ പുതിയ കേസുകളൊന്നുമില്ല. ഐസൊലേഷൻ പൂർത്തിയാക്കിയ 66 പേരെ സമ്പർക്കപ്പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.
പബ്ലിക് ഹെൽത്ത് ലാബുകളുൾപ്പെടെയുള്ള സ്റ്റേറ്റ്, ജില്ലാതല ലാബുകളിൽ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്. ഐ.സി.എം.ആർ. മാനദണ്ഡ പ്രകാരം എസ്.ഒ.പി. തയ്യാറാക്കും. എസ്.ഒ.പി. ലഭിക്കുന്ന മുറയ്ക്ക് മുൻഗണനാ ക്രമത്തിൽ പരിശീലനം നൽകി ലാബുകൾ സജ്ജമാക്കും. നിപ പോസിറ്റീവ് ആയവരുടെ മറ്റ് ടെസ്റ്റുകൾ നടത്തുന്നതിനുള്ള ലാബ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒറ്റ ദിവസം കൊണ്ട് സജ്ജമാക്കി.ഇന്നലെ ഫലം ലഭിച്ച എഴ് സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഐസൊലേഷൻ പൂർത്തിയാക്കിയ 66 പേരെ ഇന്ന് സമ്പർക്കപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ 915 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ചികിത്സയിലുള്ള ഒമ്പതു വയസുകാരന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
അതേസമയം നിപയെ തുടർന്ന് അടച്ചിട്ട ജില്ലയിലെ സ്കൂൾ തുറക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും,
നിപ നിയന്ത്രണങ്ങൾ വിലയിരുത്തുന്നതിനായി കോഴിക്കോട്ട് ഇന്ന് വിദഗ്ധ സമിതി യോഗം ചേരും. സ്കൂളുകൾ തുറക്കുന്നതിലും കണ്ടെയിമെന്റ് സോണുകളിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതും ചർച്ചയാകും.
ഇന്ന് വൈകീട്ട് നടക്കുന്ന യോഗത്തിൽ മന്ത്രിമാരായ വീണാ ജോർജ്, പി.എ മുഹമ്മദ് റിയാസ്, ആരോഗ്യവിദഗ്ധർ, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
സ്കൂളുകൾ നിയന്ത്രണങ്ങളോടെ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകുമെന്നാണ് വിവരം.