
newsdesk
കുന്ദമംഗലം: ഹരിതകർമ്മസേന വീടുകളിലും സ്ഥാപനങ്ങളിലും കയറി യൂസർഫീസ് വാങ്ങി സ്വീകരിക്കുന്ന മാലിന്യചാക്കുകൾ സൂക്ഷിക്കുന്നതിനോ തരം തിരിക്കുന്നതിനോ സ്വന്തമായി ഇടമില്ലാതെ നട്ടംതിരിഞ്ഞ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. ജില്ലയിൽ തന്നെ ഉയർന്ന ജനസംഖ്യയുള്ള നഗരത്തിൽ പുറംതള്ളുന്ന മാലന്യത്തിന്റെ അളവ് സമീപ പഞ്ചായത്തുകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. 42 ഹരിതകർമ്മസേനാംഗങ്ങൾ മുഴുവൻ ദിവസവും ജോലിയെടുത്തിട്ടും തീരാത്തത്ര മാലിന്യമാണ് ലഭ്യമായികൊണ്ടിരിക്കുന്നത്. അജൈവ മാലിന്യങ്ങൾ തരംതിരിച്ച് വ്യത്യസ്ത ചാക്കുകളിലാക്കുവാൻപോലും ഇവർക്ക് സമയംകിട്ടുന്നില്ല. അത്രമാത്രം മാലിന്യങ്ങളാണ് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്. മാലിന്യങ്ങൾ നിറച്ച ചാക്കുകൾ സൂക്ഷിക്കുന്നതിന് കുന്ദമംഗലത്ത് അനുയോജ്യമായ ഒരു സ്ഥലവും ഇല്ല എന്നതാണ് ഇപ്പോൾ പഞ്ചായത്തധികൃതരെ അലട്ടുന്നത്. ഗ്രാമ പഞ്ചായത്തിനുള്ളിൽ ഒരു എം.സി.എഫ് (മെറ്റീരിയല്‍ കലക്ഷന് ഫെസിലിറ്റി) സ്ഥാപിക്കുവാൻ അനുയോജ്യമായ സ്ഥലത്തിനായുള്ള പരിശ്രമം തുടങ്ങിയിട്ട് വർഷങ്ങളായി. പെരിങ്ങളം റോഡിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ തരിശുഭൂമിയിലായിരുന്നു ആദ്യം എം.സി.എഫ് ആരംഭിക്കുവാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ സ്ഥലം സന്ദർശിച്ചപ്പോൾ തന്നെ പരിസരവാസികൾ എതിർപ്പുമായി രംഗത്തെത്തി. പിന്നീട് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നാട്ടുകാർ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിച്ചതോടെ ആ ദൗത്യം പഞ്ചായത്തിന് ഉപേക്ഷിക്കേണ്ടതായി വന്നു. പിന്നീട് പടനിലത്തെ ഉപയോഗിക്കാതെ നിലനിർത്തിയിരുന്ന സർക്കാർ സ്ക്കൂളിൻ്റെ പഴയ കെട്ടിടത്തിൽ മാലിന്യ ചാക്കുകൾ താൽക്കാലികമായി സ്ഥാപിക്കുവാൻ ശ്രമം നടത്തി. അവിടേയും എതിർപ്പുകളും പരാതികളുമായി നാട്ടുകാർ സംഘടിച്ചതോടെ അവിടെ നിന്നും പിൻമാറേണ്ടി വന്നു. പിന്നീട് കുന്ദമംഗലം സഹകരണ ബാങ്കിൻ്റെ കൈവശത്തിലുള്ള ചേരിഞ്ചാൽ വെള്ളാരം കുന്നിൽ പാട്ടത്തിന് ഭൂമി ലഭ്യമാക്കാൻ അപേക്ഷിച്ചെങ്കിലും അതും നിഷ്ഫലമായി.
ഗ്രാമ പഞ്ചായത്ത് ഓഫീസിൻ്റെ തൊട്ടടുത്തുള്ള റവന്യൂ ഭൂമി ലീസ് അടിസ്ഥാനത്തിൽ ലഭിക്കുന്നതിനായും ശ്രമം നടത്തിയിരുന്നെങ്കിലും നടപടികളൊന്നുമായിട്ടില്ലെന്നാണ് പഞ്ചായത്ത്അധികൃതർ പറയുന്നത്. ഇപ്പോൾ ഒരു ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ കാരുണ്യത്താൽ അവരുടെ വീടിനോട് ചേർന്നിട്ടുള്ള ഒരു കെട്ടിടത്തിലാണ് രണ്ടു വർഷമായി എം.സി.എഫ് പ്രവർത്തിക്കുന്നത്. ജനവാസ കേന്ദ്രത്തിൽ താത്കാലികമായി പ്രവർത്തിക്കുന്ന ഈ എം.സി.എഫ്. മറ്റൊരിടത്തേക്ക് മാറ്റുവാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. മാലിന്യസംസ്ക്കരണം കുറ്റമറ്റതാക്കുവാൻ ഹരിത കർമ്മസേനയുടെ പ്രവർത്തനത്തിനായി വീടുകളിലും കച്ചവടസ്ഥാപനങ്ങളിലും ക്യൂ ആർ കോഡ് നൂറ് ശതമാനം പൂർത്തികരിച്ചതിന് പുരസ്കാരം.ലഭിച്ച ഗ്രാമപപഞ്ചായത്താണ് കുന്ദമംഗലം. കേരളസർക്കാരിന്റെ മാലിന്യസംസ്ക്കരണ പ്രവർത്തനത്തിന്റെ ഭാഗമായി ഹരിതകർമസേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവ്, അതുശേഖരിക്കുന്ന രീതി, ശേഖരിച്ച ദിവസത്തിന്റെ വിവരങ്ങൾ തുടങ്ങിയവ ഡിജിറ്റൽ സംവിധാനത്തിലേക്കു മാറുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ക്യു ആർ കോഡുകൾ സ്ഥാപിച്ചത്.
കോഴിക്കോട് ജില്ലയിൽ ആദ്യഘട്ടത്തിൽ തന്നെ ക്യു ആർ കോഡുകൾ 100 ശതമാനം പൂർത്തീകരിച്ച ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ടതിനാലാണ് കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് അംഗീകാരം ലഭിച്ചത്. ശാസ്ത്രീയമായി മാലിന്യം സംസ്കരിക്കുന്ന പ്രവർത്തനമാണ് ഇപ്പോൾ ഹരിത കർമ്മ സേനഅംഗങ്ങൾ നിർവ്വഹിക്കുന്നത്. വീടുകളിൽ നിന്നും എടുത്തുമാറ്റുന്ന പാഴ് വസ്തുക്കൾ റോഡരികിൽ താൽക്കാലികമായി വെക്കാൻ പോലും ഇപ്പോൾ നിർവ്വാഹമില്ലാതായി. സമൂഹത്തിൻ്റെ കുറ്റപ്പെടുത്തലുകളും ശാപവാക്കുകളും കേട്ട് മടുത്തെന്ന് ഹരിതകർമ്മ സേനാംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. സമൂഹത്തിൽ ഏറ്റവും ഉയർന്ന പ്രവർത്തനമാണ് ഇക്കൂട്ടർ നടത്തുന്നത് എന്ന തിരിച്ചറിവ് എല്ലാവർക്കും വേണമെന്നാണ് ഇവർക്ക്പറയാനുള്ളത്.അതോടൊപ്പം അതിവിപുലമായ ഒരു മാലിന്യസംഭരണകേന്ദ്രം സ്ഥാപിക്കുവാൻ അനുയോജ്യമായ സ്ഥലവും അടിയന്തരമായി ലഭിക്കേണ്ടതുമുണ്ട്.