ബാർ വേണ്ട സമാധാനം മതി ; മുക്കം അഗസ്ത്യമുഴിയില്‍ ബീവറേജ് ഔട്ട്ലെറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ സമരം ശക്തം

newsdesk

മുക്കം: മുക്കം നഗരസഭയിലെ അഗസ്ത്യന്‍ മുഴിയില്‍ ബീവറേജ് ഔട്ട്ലെറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു .കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിലെ മുക്കം മിനി സിവില്‍ സ്റ്റേഷനും മുക്കം ഫയര്‍സ്റ്റേഷനും മറുവശത്തുള്ള കെട്ടിടത്തില്‍ മദ്യഷാപ്പ് ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായാണ് വിവരം.സംസ്ഥാന സര്‍ക്കാര്‍ പുതിയ പ്രീമിയം മദ്യശാലകള്‍ അനുവദിക്കുന്നതിന്‍റെ ഭാഗമായാണ് മുക്കത്തും ബീവറേജ് ഔട്ട്ലെറ്റ് അനുവദിച്ചതെന്നാണ് സൂചന.
ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി അഗസ്ത്യന്‍ മുഴി ജനകീയ സമിതി രംഗത്തെത്തി.കെട്ടിടത്തിന് സമീപം പ്രതിഷേധ ബോര്‍ഡും സ്‌ഥാപിച്ചിട്ടുണ്ട്.തിരുവഞ്ചുഴി ദേവീ ക്ഷേത്രം,അഗസ്ത്യന്‍ മുഴി ജുമാമസ്ജിദ്,സ്കൂളുകള്‍ തുടങ്ങിയവയുടെ സമീപത്താണ് മദ്യ ശാല തുറക്കാനുള്ള തീരുമാനമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.സംസ്ഥാന പാതയില്‍ വീതി കുറഞ്ഞതും രൂക്ഷമായ ഗതാഗത കുരുക്കും അനുഭവപ്പെടുന്ന ഈ പ്രദേശത്ത് മദ്യ ഷാപ്പ് വന്നാല്‍ തിരക്ക് വര്‍ധിക്കുകയും ജനങ്ങളുടെ സ്വെെര്യ ജീവിതത്തിന് തടസ്സമാവുകയും ചെയ്യുമെന്നും നാട്ടുകാര്‍ പറയുന്നു.

ജനവാസ മേഖലയായ ഇവിടെ നിരവധി വീടുകളുമുണ്ട്.മുക്കം സബ് ട്രഷറി,എ ഇ ഒ ഓഫീസ് ,കൃഷി ഭവന്‍ തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലേക്കെത്തുന്നവരും സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും ആശ്രയിക്കുന്ന ബസ് സ്റ്റോപ്പും ഇതിനടുത്താണ്.കൂടാതെ മദ്യശാല വന്നാല്‍ സംസ്ഥാന പാതയോരത്ത് കാടുമൂടിക്കിടക്കുന്ന പഴയ ബ്രിട്ടീഷ് പാലവും പരിസരവും സാമൂഹിക വിരുദ്ധരുടെ താവളമായി മാറുമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.നാടിന്‍റെ സ്വെെര്യ ജീവിതത്തെ താറുമാറാക്കുന്ന മദ്യ ഷാപ്പിനെതിരെ ഒന്നിച്ച് പോരാടാനാണ് നാട്ടുകാരുടെ തീരുമാനം

.ആദ്യ ഘട്ടമായി എം എല്‍ എ ക്കും നഗരസഭ അധികൃതര്‍ക്കും,എക്സെെസ് വകുപ്പിനും പരാതി നല്‍കുമെന്നും ജനകീയ സമിതി ഭാരവാഹികള്‍ പറഞ്ഞു.നേരത്തെ മുക്കം പോലീസ് സ്റ്റേഷന് സമീപത്ത് പ്രവര്‍ത്തിച്ച് വന്നിരുന്ന ബീവറേജ് ഔട്ട്ലെറ്റ് സംസ്ഥാന -ദേശീയ പാതകളില്‍ നിന്ന് മദ്യശാലകള്‍ മാറ്റുന്നതിന്‍റെ ഭാഗമായി അടച്ച് പൂട്ടയിരുന്നു.

പിന്നീട് 2017 ല്‍ നഗരസഭയിലെ കയ്യിട്ടാപൊയിലില്‍ ബീവറേജ് ഔട്ട്ലെറ്റ് തുറക്കാന്‍ ശ്രമം നടത്തിയെങ്കിലും ശക്തമായ ജനകീയസമരത്തെതുടര്‍ന്ന്ഉപേക്ഷിക്കുകയായിരുന്നു.നിലവില്‍ മുക്കം ടൗണില്‍ രണ്ട് ഹോട്ടലുകളില്‍ ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.വരും ദിവസങ്ങളില്‍ ജനകീയ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സമരസമിതി തീരുമാനം.
കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്തും ബീവറേജ് ഔട്ട്ലെറ്റ് തുറക്കാന്‍ നീക്കം നടക്കുന്നതായി വാര്‍ത്തകളുണ്ട് .

error: Content is protected !!