ഏഴു ദിവസത്തെ ആരവത്തിന് തിരശീല വീണു ; തൃക്കുടമണ്ണശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം സമാപിച്ചു

മുക്കം:ഏഴു ദിവസത്തെ തൃക്കുട മണ്ണശിവരാത്രി ഉത്സവം ഞായറാഴ്ച വിവിധ പരിപാടികളോടെ സമാപിച്ചു.ഇക്കഴിഞ്ഞ ഒമ്പതിന് തന്ത്രി കിഴക്കുംപാട്ട്ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ നടന്ന കൊടിയേറ്റത്തോടെയാണ് ഉത്സവമാരംഭിച്ചത്.

ഉത്സവത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റിൻ്റെ സഹകരണത്തോടെ ക്ഷേത്ര പരിസരത്ത് ശിവരാത്രി ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു. കൊടിയേററത്തെ തുടർന്നുള്ള ദിവസങ്ങളിൽ ആത്മീയ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച് സാംസ്കാരിക സമ്മേളനങ്ങളുമുണ്ടായി. കെ എൻ എ ഖാദർ, അലക്‌സാണ്ടർ ജേക്കബ്ബ്, എസ് ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.വിവിധ കലാപരിപാടികളും അരങ്ങേറി.ഞായറാഴ്ച പുലർച്ചെ മുതൽ ക്ഷേത്ര പരിസരവും മുക്കം അങ്ങാടിയും ഉത്സവത്തിൽ പങ്കെടുക്കാനെത്തിയവരുടെ തിരക്കായിരുന്നു.


വൈകുന്നേരം വിവിധ ദേശങ്ങളിൽ നിന്നാരംഭിച്ച വരവാഘോഷം രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ചേർന്നു. താലപ്പൊലി, ചെണ്ടമേളം, വിളക്കാട്ടം, തെയ്യം, ദേവ നൃത്തം, പുരാണങ്ങളിലെ വിവിധ നിശ്ചല ദൃശ്യങ്ങൾ, ശിങ്കാരിമേളം എന്നിവ വരവാഘോഷത്തിന് മിഴിവേകി.നൃത്തനൃത്യങ്ങൾ, വിവിധ നൃത്ത അരങ്ങേറ്റം, ഫ്യൂഷൻ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഗാനമേള തുടങ്ങി പുലരുവോളം സ്റ്റേജ് പരിപാടികളും അരങ്ങേറി. പുലർച്ചെ ഗംഭീര കരിമരുന്ന് പ്രയോഗത്തോടെ ഉത്സവം സമാപിച്ചു.

error: Content is protected !!