
newsdesk
മുക്കം : മലയോര മേഖലകളിൽ ജനങ്ങളുടെ ജീവന് കാവലാളാകുന്ന സ്നേക്ക് റെസ്ക്യൂ വളണ്ടിയർമാർ കടുത്ത പ്രതിസന്ധിയിൽ. താമരശ്ശേരി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള മുക്കം മേഖലയിലെ അംഗീകൃത പാമ്പ് പിടുത്തക്കാരാണ് വനംവകുപ്പിന്റെ കടുത്ത അനാസ്ഥയ്ക്കെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം ജീവൻ പണയം വെച്ച്, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പിടികൂടുന്ന വിഷപ്പാമ്പുകളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വന്ന് ഏറ്റെടുക്കാൻ തയ്യാറാകുന്നില്ലെന്നാണ് വളണ്ടിയർമാരുടെ പ്രധാന പരാതി.
സർക്കാരിന്റെ ഔദ്യോഗിക ‘സർപ്പ’ (SARPA) ആപ്പ് വഴി രജിസ്റ്റർ ചെയ്ത്, നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഈ വളണ്ടിയർമാർ റെസ്ക്യൂ നടത്തുന്നത്. പാമ്പിനെ പിടികൂടാൻ പോകുമ്പോഴും, പിടിച്ച ശേഷവും കൃത്യമായ വിവരങ്ങൾ ആപ്പിൽ അപ്‌ലോഡ് ചെയ്യണം. ഇങ്ങനെ നിയമം കൃത്യമായി പാലിച്ചിട്ടും, പിടികൂടിയ പാമ്പുകളെ വനംവകുപ്പ് വന്ന് കൊണ്ടുപോകുന്ന പതിവ് ഇപ്പോൾ പാടേ നിലച്ചിരിക്കുകയാണ്.
മറ്റു ജോലികൾ ചെയ്ത് ജീവിക്കുന്ന ഈ വളണ്ടിയർമാർക്ക് ഈ സേവനത്തിന് യാതൊരുവിധ പ്രതിഫലവും ലഭിക്കുന്നില്ല. ഇതിനിടയിലാണ് പിടികൂടിയ പാമ്പുകളെ മുക്കത്തുനിന്നും 25 കിലോമീറ്ററിലധികം ദൂരമുള്ള താമരശ്ശേരി റേഞ്ച് ഓഫീസിൽ സ്വന്തം ചിലവിൽ എത്തിക്കേണ്ടി വരുന്ന ദുരവസ്ഥ.
“ഞങ്ങൾ സ്വന്തം കാശും മുടക്കി, ജീവനും പണയം വെച്ചാണ് ജനങ്ങളെ സഹായിക്കാൻ പോകുന്നത്. പക്ഷേ പാമ്പിനെ പിടിച്ചുകഴിഞ്ഞാൽ ഫോറസ്റ്റുകാർ വന്ന് കൊണ്ടുപോകില്ല. ഞങ്ങൾ തന്നെ താമരശ്ശേരി വരെ വണ്ടി വിളിച്ച് കൊണ്ടുപോയി കൊടുക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്ന് സ്‌നേക് റെസ്ക്യൂ വളണ്ടിയർ ആയ ബാബു എള്ളങ്ങൽ പറഞ്ഞു
വനംവകുപ്പിന്റെ ഈ കടുത്ത അവഗണന കാരണം ഈ മേഖലയിലെ റെസ്ക്യൂ പ്രവർത്തനങ്ങളിൽ നിന്ന് തന്നെ പിന്മാറേണ്ടി വരുന്ന അവസ്ഥയിലാണ് വളണ്ടിയർമാർ. മലയോര മേഖലകളിൽ ജനവാസ കേന്ദ്രങ്ങളിൽ പാമ്പുകൾ ഇറങ്ങുന്നത് പതിവായ സാഹചര്യത്തിൽ, അധികാരികളുടെ ഈ അനാസ്ഥ വരും ദിവസങ്ങളിൽ വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. എത്രയും പെട്ടെന്ന് വനംവകുപ്പ് ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും സർപ്പമിത്ര വളണ്ടിയർമാരുടെയും ആവശ്യം.