കാട്ടു പന്നിശല്യം – നഗരസഭയ്ക്കെതിരെയുള്ള സമരം രാഷ്ട്രീയപ്രേരിതം – പി.ടി. ബാബു

മുക്കം : കാട്ടുപന്നി ആക്രമണത്തിന്‍റെ പേരില്‍ ചിലര്‍ നഗരസഭയ്ക്കെതിരെ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സമരം തികച്ചും രാഷ്ട്രീയപ്രേരിതവും അനവസരത്തിലുള്ളതുമാണ് എന്ന് നഗരസഭാ ചെയര്‍പേഴ്സണ് ‍ പി.ടി. ബാബു. മലയോരമേഖലയിലെ കര്‍ഷകര്‍ ആകെ കാട്ടുപന്നി ‌ശല്യത്താല്‍ പ്രയാസമനുഭവിക്കുകയാണെന്നും നിലവിലുള്ള കേന്ദ്ര വന്യജീവി സംരക്ഷണ നിയമമാണ് കാട്ടുപന്നികളെ തുരത്തുന്നതിന് തടസ്സമായി നില്‍ക്കുന്നതെന്നുള്ള വസ്തുത എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്ന വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബില്‍ നടപ്പിലാകുന്നതോടെ ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ കഴിയുമന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍ ഉള്ളത് .


കാട്ടുപന്നികളെ വെടിവെക്കാന്‍ അനുമതിയുള്ള എം പാനല്‍ ഷൂട്ടര്‍മാരുടെ ദൗര്‍ലഭ്യമാണ് നഗരസഭയ്ക്കു മുമ്പിലുണ്ടായിരുന്ന പ്രശ്നം. നിലവില്‍ നാല് എം പാനല്‍ ഷൂട്ടര്‍മാര്‍ മാത്രമാണ് നഗരസഭയില്‍ ഉണ്ടായിരുന്നത്. ജില്ലയുടെ മറ്റു ഭാഗങ്ങളിലുള്ള എം പാനല്‍ ഷൂട്ടര്‍മാര്‍ക്ക് നഗരസഭയുടെ പരിധിയിലുള്ള പന്നികളെ കൊന്നൊടുക്കുന്നതിനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ നഗരസഭയിലേക്ക് പുതിയ ഷൂട്ടര്‍മാരെ കണ്ടെത്തുന്നതിനു നടത്തിയ നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍ 9 പേരെക്കൂടി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

നഗരസഭയിലെ എം പാനല്‍ ഷൂട്ടര്‍മാരുടെ പട്ടികയില്‍ ഇവരെക്കൂടി ഉള്‍പ്പെടുത്താനുള്ള അപേക്ഷ കഴിഞ്ഞ ദിവസമാണ് നഗരസഭയില്‍ ലഭിച്ചത്. നാളെ തന്നെ ഇവര്‍ക്ക് അനുമതി ഉത്തരവ് നല്‍കും. ഇവരെ ഉപയോഗിച്ച് കര്‍ഷക സംഘടനകളുടെ സഹകരണത്തോടെ നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ കാട്ടുപന്നികളെ വെടിവെക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പോവുകയാണ്.
ഈ സാഹചര്യത്തില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ചിലര്‍ നടത്തുന്ന രാഷ്ട്രീയപ്രേരിതമായ സമരങ്ങളെ തള്ളിക്കളയണമെന്നും കാട്ടുപന്നി ശല്യത്തിനെതിെ നഗരസഭ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കണമെന്നും നഗരസഭാ ചെയര്‍പേഴ്സണ് ‍ പി.ടി. ബാബു അഭ്യര്‍ഥിച്ചു.

error: Content is protected !!