മൂന്നു കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ സ്വകാര്യ ബസുകളുടെ കാരുണ്യയാത്രയ്ക്ക് തുടക്കമായി

മുക്കം: കോഴിക്കോട് മുക്കം കല്ലുരുട്ടിയിൽ നട്ടെല്ലിനെ ബാധിക്കുന്ന അത്യപൂർവ്വ ജനിതക രോഗമായ എസ്.എം.എ (Spinal Muscular Atrophy) ബാധിച്ച ഒറ്റപ്രസവത്തിലെ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ജീവകാരുണ്യ ദൗത്യത്തിൽ കൈകോർത്ത് നാട്. കുഞ്ഞുങ്ങളുടെ തുടർചികിത്സയ്ക്കും ജീൻ തെറാപ്പിക്കുമായി ആവശ്യമായ ഭീമമായ തുക സമാഹരിക്കുന്നതിനായി ബസ്സ് തൊഴിലാളികളും ഉടമകളും ചേർന്ന് സംഘടിപ്പിക്കുന്ന ‘കാരുണ്യയാത്ര’യ്ക്ക് തുടക്കമായി. 


മുക്കത്ത് നിന്ന് ആരംഭിച്ച് താമരശ്ശേരി, തിരുവമ്പാടി, ഓമശ്ശേരി, കൂടരഞ്ഞി, തോട്ടുമുക്കം തുടങ്ങി മലയോരമേഖലയിലെ വിവിധ റൂട്ടുകളിലേക്ക് സർവീസ് നടത്തുന്ന മുപ്പതോളം സ്വകാര്യ ബസ്സുകളാണ് ആദ്യഘട്ടത്തിൽ ഈ ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നത്. ഇന്നത്തെ ദിവസത്തെ സർവീസുകളിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും കുട്ടികളുടെ ചികിത്സാ ഫണ്ടിലേക്ക് കൈമാറും. 
കാരുണ്യയാത്രയുടെ ഫ്ലാഗ് ഓഫ് മുക്കം പോലീസ് സബ് ഇൻസ്പെക്ടർ (SI) നിർമ്മൽ നിർവ്വഹിച്ചു.

ഈ പിഞ്ചുകുഞ്ഞുങ്ങളുടെ വിലപ്പെട്ട ജീവൻ തിരികെപ്പിടിക്കാൻ സമൂഹം ഒന്നടങ്കം മുന്നോട്ടുവരണമെന്നും, വ്യക്തികളും വിവിധ സംഘടനകളും സമാനമായ സഹായ പരിപാടികൾ സംഘടിപ്പിച്ച് മുന്നിട്ടിറങ്ങണമെന്നും എസ്.ഐ നിർമ്മൽ അഭ്യർത്ഥിച്ചു.

ഒരു വയസ്സും എട്ടു മാസവും മാത്രം പ്രായമുള്ള ഈ മൂന്ന് കുരുന്നുകളുടെയും ശ്വസനത്തിനും ചലനത്തിനും ആവശ്യമായ ജീൻ തെറാപ്പി ചികിത്സയ്ക്കായി ഏകദേശം 50 കോടി രൂപയാണ് ആവശ്യമുള്ളത്. നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് രൂപീകരിച്ച ജനകീയ സഹായ സമിതിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ ധനസമാഹരണം പുരോഗമിക്കുന്നത്.15 കോടിയോളം രൂപയാണ് ഇതുവരെ കമ്മറ്റിക്ക് ലഭിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!