
newsdesk
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ക്കും ആന്‍ഡമാന്‍ കടലിനും മുകളിലായി ശക്തികൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത ആറു മണിക്കൂറിനകം ഇത് തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഇത് വീണ്ടും ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
തുടര്‍ന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി തിങ്കളാഴ്ച വൈകുന്നേരത്തോടെ മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്താന്‍ സാധ്യതയുണ്ട്. അതിശക്തമായ ചുഴലിക്കാറ്റായ ‘അര്‍ണബി’-ന്റെ ശേഷിപ്പ് തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ന്യൂനമര്‍ദമായി സ്ഥിതിചെയ്യുന്നുണ്ട്. തെക്കന്‍ മഹാരാഷ്ട്ര തീരത്തിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്. തെക്കന്‍ കേരള-കര്‍ണാടക തീരത്തിന് സമീപമുള്ള തെക്കുകിഴക്കന്‍ അറബിക്കടലില്‍ നിന്ന് തെക്കന്‍ മഹാരാഷ്ട്ര തീരത്തിന് സമീപമുള്ള ഉയര്‍ന്ന ചക്രവാതചുഴിയിലേക്ക് ഒരു ന്യൂനമര്‍ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്.
ഇതിന്റെയെല്ലാം സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.