
NEWSDESK
മുക്കം∙ ഗതാഗത നിയന്ത്രണങ്ങൾ ലംഘിച്ച് ബസുകൾ പഴയ ബസ് സ്റ്റാൻഡിന് മുൻവശത്ത് നിർത്തി യാത്രക്കാരെ കയറ്റുന്നത് അപകടം വർധിപ്പിക്കുന്നു. ഗതാഗതക്കുരുക്കിനും കാരണമാകുന്നു.
മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും കൊടിയത്തൂർ, ചെറുവാടി തുടങ്ങിയ സ്ഥലങ്ങളിലേക്കുമുള്ള ബസുകൾ പഴയ ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിൽ നിർത്തി യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യരുതെന്ന നിർദേശമാണ് ലംഘിക്കുന്നത്. സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡിന് സമീപത്ത് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. ഇവിടെ ബസുകൾ നിർത്തുമ്പോൾ പഴയ ബസ് സ്റ്റാൻഡിലേക്ക് ബസുകൾ കയറ്റാൻ ബുദ്ധിമുട്ടുകയാണ്. പഴയ ബസ് സ്റ്റാൻഡിന് മുൻവശത്ത് ബസുകൾ നിർത്തുന്നത് മൂലം ഇവിടെ യാത്രക്കാർ ബസ് കാത്തിരിക്കുന്നതും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു.
നഗരസഭയുടെ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയും പൊലീസും ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും വിലക്കിയ സ്ഥലത്താണ് നിയമലംഘനം. ഓർഫനേജ് റോഡിൽ നിന്നു മാർക്കറ്റിനുള്ളിലൂടെ വാഹനങ്ങൾ പഴയ സ്റ്റാൻഡിന് സമീപത്തേക്ക് എത്തുമ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.