മദ്യനയ രൂപീകരണത്തിൽ ടൂറിസം വകുപ്പ് ഇടപെട്ടിട്ടില്ല: മന്ത്രി റിയാസ്

തിരുവനന്തപുരം: മദ്യനയം രൂപീകരിക്കുന്നതിൽ ടൂറിസം വകുപ്പ് ഇടപെട്ടെന്ന പ്രതിപക്ഷ ആരോപണം തള്ളി മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇക്കാര്യത്തിൽ വകുപ്പ് കൈകടത്തിയിട്ടില്ലെന്നും ടൂറിസം ഡയറക്ടർ യോഗം വിളിച്ചത് ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരമാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ റോജി എം ജോണിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് ഒരു നിലപാടും അറിയിച്ചിട്ടില്ല. ടൂറിസം ഡയറക്ടറുടെ അധ്യക്ഷതയിൽ നടന്ന യോഗം മന്ത്രി വിളിച്ചുചേർത്തതല്ല. ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരമുള്ള യോഗമാണ്. കേരള ഇൻഡസ്ട്രി കണക്ട് യോഗത്തിന് മദ്യനയവുമായി ബന്ധമില്ലെന്ന് ഡയറക്ടർ വ്യക്തമാക്കിയതാണ്. ടൂറിസം മേഖലയിലെ വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കേരളാ ട്രാവൽമാർട്ട് സൊസൈറ്റി ഉൾപ്പെടെയുള്ള സംഘടനകളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് മേയ് 21ന് യോഗം വിളിച്ചതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മദ്യനയം രൂപീകരിക്കുന്നതിൽ മന്ത്രി റിയാസം കൈകടത്തുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എക്‌സൈസ് വകുപ്പ് എം.ബി രാജേഷിന്റെ കയ്യിൽത്തന്നെയുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നാവുമെന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചിരുന്നു.

error: Content is protected !!