
newsdesk
കൊച്ചി : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റ് ഡിജിറ്റല്‍ കേബിള്‍ എക്സിബിഷനായ മെഗാ കേബിള്‍ ഫെസ്റ്റിന് കൊച്ചിയില്‍ തുടക്കമായി. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കൊച്ചി മേയര്‍ എം അനില്‍കുമാര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കേബിള്‍ ടിവി കാഴ്ചയെ മാറ്റിമറിച്ച ഒന്നാണെന്നും ആ നിലയില്‍ സിഓഎ ഒരുപാട് പേരെ സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ ബന്ധത്തിന്റെ കാര്യത്തില്‍ പ്രാദേശിക ചാനലുകള്‍ ഇന്നും വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് മേയര്‍ അഡ്വ.എം അനില്‍കുമാര്‍ പറഞ്ഞു. മൊബൈലുകളില്‍ ചാനലുകള്‍ കാണുന്ന രീതി വ്യാപകമായെങ്കിലും ദൃശ്യമാധ്യമങ്ങളുട സ്വാധീനത്തിന് നമ്മുടെ നാട്ടില്‍ ഒരു കുറവും സംഭവിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ കേരളത്തോട് കുറച്ചുകൂടി സംയമനത്തോടെയുള്ള സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ മുഖ്യാതിഥിയായി. റേറ്റിംഗുകളുടെ പേരിലുള്ള കുത്തക മത്സരങ്ങളും, ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതികൂല നിലപാടുകളുമടക്കം പല പ്രതിസന്ധികളും കേബിള്‍ ടിവി രംഗം നേരിട്ടെന്നും അത് മറികടക്കാന്‍ കൂടെയുണ്ടാകുമെന്നും കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.
സിഓഎ ജനറല്‍ സെക്രട്ടറി പി.ബി സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിഓഎ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ അധ്യക്ഷനായി. പുതിയ കാലത്തിനനുസരിച്ച് മാറിവരുന്ന ടെക്നോളജികളെ മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും നൂതനമായ ആശയങ്ങള്‍ സൃഷ്ടിക്കാന്‍ അതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ സി.ആര്‍ സുധീര്‍, സിഓഎ സംസ്ഥാന ട്രഷറര്‍ ബിനു ശിവദാസ്, കേരള ഇന്‍ഫോ മീഡിയ CEO എന്‍. ഇ ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റില്‍ ബ്രോഡ്കാസ്റ്റിംഗ്, ഡിജിറ്റല്‍ കേബിള്‍, ബ്രോഡ്ബാന്‍ഡ് മേഖലകളിലെ പുതിയ സാങ്കേതികവിദ്യകളും ഉത്പന്നങ്ങളുമായി നൂറോളം ബ്രാന്റുകളാണ് അണി നിരക്കുന്നത്. ഒടിടി, സ്മാര്‍ട്ട് ഹോം, എന്റര്‍ടൈമെന്റ്, സെക്യൂരിറ്റി സൊല്യൂഷന്‍ തുടങ്ങിയ ഇന്നവേറ്റീവ് സ്മാര്‍ട്ട് സൊല്യൂഷന്‍ ഉല്‍പന്നങ്ങളുടെ പ്രത്യേക പവലിയനും ഇത്തവണ ഒരുക്കിയിട്ടുണ്ട്. മാധ്യമ, സാങ്കേതിക മേഖലകളിലെ വിവിധ വിഷയങ്ങളിലായി സെമിനാറുകളും ഫെസ്റ്റില്‍ നടക്കും.