
മഞ്ചേരി മെഡിക്കൽ കോളജ് സൂപ്രണ്ടിനും പ്രിൻസിപ്പലിനും മലപ്പുറം കളക്ടറുടെ കാരണം കാണിക്കൽ നോട്ടിസ്. 24 മണിക്കൂറിനകം രേഖാമൂലം മറുപടി ലഭിക്കണമെന്നാണ് നോട്ടിസിൽ നിർദേശം. മെഡിക്കൽ കോളജിൽ ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായി വിലയിരുത്തിയാണ് നോട്ടിസ്.
ഗർഭിണിയായ യുവതിക്ക് ആദ്യം ചികിത്സ തേടിയ മഞ്ചേരിയിൽ നിന്ന് ചികിത്സ നിഷേധിച്ചതോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലുൾപ്പെടെ ചികിത്സ തേടേണ്ടി വന്നത്. നീണ്ട മണിക്കൂറിനൊടുവിലാണ് അതീവ ഗുരുതരാവസ്ഥയിലായ യുവതിക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ ലഭ്യമായത്. മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്യുമ്പോഴുള്ള നടപടിക്രമങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് പാലിച്ചിട്ടില്ലെന്നും നോട്ടിസിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
മറുപടി ഒറ്റ ദിവസത്തിനുള്ളിൽ ലഭിച്ചില്ലങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും നോട്ടിസിൽ വ്യക്തമാക്കി. കെ കെ ഷൈലജ മഞ്ചേരി മെഡിക്കൽ കോളജിലെ വകുപ്പ് മേധാവികളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ജില്ലാ കളക്ടർ കാരണം ബോധിപ്പിക്കാൻ നോട്ടിസ് നൽകിയത്. കുറ്റക്കാർക്ക് എതിരെ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ആവർത്തിച്ചു.നവജാത ശിശുക്കളുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് തന്നെ സംസ്‌കരിച്ചു. സ്ത്രീയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്