നിയന്ത്രിക്കാനാവാതെ മഞ്ഞപ്പിത്ത ബാധ; കോഴിക്കോട് പേരാമ്പ്ര വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിന് പ്രാദേശിക അവധി

കോഴിക്കോട്: മഞ്ഞപ്പിത്ത ബാധ നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിൽ പേരാമ്പ്ര വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിന് പ്രാദേശിക അവധി നൽകും. ഓണാവധിക്ക് ശേഷം 23ന് ക്ലാസുകൾ തുടങ്ങില്ല. അഞ്ചുദിവസം അവധി നല്‍കിയിരിക്കുന്നത്. സാഹചര്യത്തിനനുസരിച്ച് സ്കൂൾ തുറന്നു പ്രവർത്തിക്കാനാണ് തീരുമാനം. അതേസമയം ചങ്ങരോത്ത് പഞ്ചായത്തിലെ മഞ്ഞപ്പിത്ത രോഗത്തിൻ്റെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല.

കുടിവെളള സ്രോതസ്സുകളിലെ പരിശോധന തുടരുകയാണ്. പഞ്ചായത്തിലെ വടക്കുമ്പാട് സ്കൂളിലെ കുട്ടികൾക്കാണ് മഞ്ഞപ്പിത്തം ആദ്യം വന്നത്. സ്കൂളിന് സമീപത്തുള്ള കൂൾബാർ പൂട്ടിയിരുന്നു. ഈ കൂൾബാറിൽ ഉപയോഗിക്കുന്ന കിണർ വെള്ളത്തിൻ്റെ പരിശോധന ഫലം ഇന്ന് ലഭിക്കും. ക്ലോറിനേറ്റ് ചെയ്തതിന് ശേഷമാണ് ഈ കിണറിലെ വെള്ളം പരിശോധനയ്ക്ക് എടുത്തതെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.കൂടുതൽ പേരിലേക്ക് മഞ്ഞപ്പിത്തം പടരാതിരിക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പിൻ്റെയും പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ തുടരുകയാണ്. വിവാഹമോ മറ്റാവശ്യങ്ങളോ നടക്കുന്ന വീടുകളിലും ഹാളുകളിലും ശീതളപാനീയങ്ങൾ നൽകരുതെന്ന് നിർദ്ദേശം നൽകി. 201 പേർക്കാണ് പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ചത്.

error: Content is protected !!