മധു കൊലക്കേസില്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും

Web Desk

മധു കൊലക്കേസില്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍.മധുവിന്റെ കുടുംബത്തിന്റെ താത്പര്യം കൂടി കണക്കിലെടുത്തിട്ടായിരിക്കും പ്രോസിക്യൂട്ടറെ നിയമിക്കുക. മധുവിന്റെ ബന്ധുക്കളോട് മൂന്ന് അഭിഭാഷകരുടെ പേരുകള്‍ നിര്‍ദേശിക്കാന്‍ ആവശ്യപ്പെടും. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇന്നലെയും ഹാജരായില്ലായിരുന്നു. കേസ് മാര്‍ച്ച്‌ 26ലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ നവംബര്‍ 15ന് കേസ് പരിഗണിച്ചപ്പോള്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. ഇതോടെ ജനുവരി 25ലേക്ക് മാറ്റുകയായിരുന്നു. ഇന്നലെയും ഹാജരാകാതിരുന്നതോടെയാണ് കോടതി ഇടപെട്ടത്.

മധു കൊല്ലപ്പെട്ടിട്ട് നാല് വര്‍ഷമായിട്ടും കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. വിചാരണ വൈകുന്നതില്‍ നിരാശയുണ്ടെന്നും, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. 2018 ഫെബ്രുവരി 22നാണ് മുക്കാലി ചിണ്ടക്കി ഊരിലെ പരേതനായ മല്ലന്റെ മകന്‍ മധുവിനെ (30) മോഷണക്കുറ്റം ആരോപിച്ച്‌ നാട്ടുകാര്‍ തല്ലിക്കൊന്നത്. മുക്കാലി മേഖലയിലെ കടകളില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചെന്ന പേരിലാണ് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയത്.

error: Content is protected !!