
News Desk
രാജ്യത്തിൻ്റെ ഗ്രാമീണ മേഖലയെ ഏറ്റവും കൂടുതൽ സഹായിക്കുന്നത് സഹകരണ സ്ഥാപനങ്ങളാണെന്നും ലക്ഷക്കണക്കിനാളുകളാണ് ഈ മേഖലയെ ആശ്രയിക്കുന്നതെന്നും എം.വി.ശ്രേയാംസ്‌കുമാർ എം. പി. പറഞ്ഞു. കാരശ്ശേരി സഹകര ബാങ്ക് സംഘടിപ്പിച്ച അന്താരാഷ്ട്ര സഹകരണ ദിനാഘോഷവും ആരോഗ്യ പ്രവർത്തകരെ ആദരിക്കലും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
നാമമാത്ര കർഷകർ ചെറുകിട കച്ചവടക്കാർ തുടങ്ങി ഓരോ നാട്ടിലേയും ജനങ്ങൾ സഹകരണ സ്ഥാപനങ്ങളെയാണ് കൂടുതൽ വിശ്വസിക്കുന്നതും ആശ്രയിക്കുന്നതും.അന്താരാഷ്ട്ര മ്യൂസിയം സ്ഥാപിക്കുന്നതുൾപ്പെടെ ഭാവനാത്മകമായ രീതിയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യുന്ന കാരശ്ശേരി ബാങ്ക് ഈ രംഗത്ത് നല്ല മാതൃകയാണ്. കോവിഡിനെതിരെ സ്വന്തം ജീവൻ പോലും നോക്കാതെ പ്രവർത്തിക്കുന്ന ഡോക്ടർമാരും നേഴ്സുമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും ആശാ വർക്കർമാരുമടക്കം എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകരേയും സഹകരണ ദിനത്തിൽ ആദരിച്ചതിൽ അദ്ദേഹം ബാങ്കിനെ അഭിനന്ദിച്ചു.
സഹകരണ ദിനാഘോഷം നിലവിളക്ക് കൊളുത്തി അദ്ദേഹം ഉദ്ഘാടനം ചെയ്തു.ആരോഗ്യ പ്രവർത്തകർക്ക് ഉപഹാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. പുഴയിൽ നിന്തി വിസ്മയമായ തോട്ടുമുക്കം സ്വദേശി നാലുവയസുകാരി റന ഫാത്തിമയേയും ഉപഹാരവും കാഷ് അവാർഡും നൽകി ആദരിച്ചു. തേക്കുംകുറ്റി കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള കോവിഡ് പ്രതിരോധ ഉപകരണളും ചടങ്ങിൽ കൈമാറി.
ബാങ്ക് ചെയർമാൻ എൻ.കെ.അബ്ദുറഹിമാൻ അധ്യക്ഷനായി.ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് വി.പി .സ്മിത, എൽ.ജെ.ഡി.സംസ്ഥാന വൈ.പ്രസിഡൻ്റ് വി.കുഞ്ഞാലി, ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ജിജിത സുരേഷ്, ശാന്താദേവി മൂത്തേടത്ത്, ബ്ലോക് പഞ്ചായത്തംഗം എം.എ.സൗദ, ബാങ്ക് ജനറൽ മാനേജർ എം.ധനീഷ്, മെഡിക്കൽ ഓഫീസർ ഡോ: പി.പി.സജ്ന, കണ്ടൻ പട്ടർച്ചോല എന്നിവർ സംസാരിച്ചു .