
newsdesk
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ ഈ മാസം പകുതിയോടെ തീരുമാനമുണ്ടായേക്കും. 10,11,12 തിയതികളിലായി സിപിഎമ്മിന്‍റെയും സിപിഐയുടെയും സംസ്ഥാന നേതൃയോഗങ്ങള്‍ ചേരും. മുതിർന്ന നേതാക്കളെ അടക്കം കളത്തിലിറക്കി പരമാവധി സീറ്റുകള്‍ തിരിച്ചുപിടിക്കാനാണ് ഇടത് മുന്നണിയുടെ നീക്കം.
20 ലോക്സഭ സീറ്റുകളില്‍ 19ലും പരാജയമായിരുന്നു കഴിഞ്ഞ തവണ ഇടതുമുന്നണിക്ക്. രാഹുല്‍ ഗാന്ധി വന്നതും ശബരിമലയും എല്ലാം തിരഞ്ഞെടുപ്പ് തോല്‍വിയുടെ ആക്കം കൂട്ടി. ഇടതുമുന്നണിക്ക് കാര്യമായി എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ കഴിയുന്ന ഏക സംസ്ഥാനമാണ് കേരളം. അതുകൊണ്ട് സ്ഥാനാർത്ഥി നിർണയമടക്കം വേഗത്തിലാക്കാനാണ് ഇടത് മുന്നണിയുടെ ആലോചന. ഈ മാസം 11,12 തിയതികളില്‍ സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നുണ്ട്. കേന്ദ്ര കമ്മിറ്റി തീരുമാനങ്ങളുടെ റിപ്പോർട്ടിംഗിനൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പാണ് യോഗത്തിന്‍റെ പ്രധാന അജണ്ട.10,11 തിയതികളില്‍ സിപിഐ സംസ്ഥാന, നേതൃയോഗങ്ങളും ചേരുന്നുണ്ട്. ചില പുതുമുഖങ്ങള്‍ക്കൊപ്പം പരിചയ സമ്പന്നരെ കൂടി തിരഞ്ഞെടുപ്പ് ഗോദയിലിറക്കാനാണ് സിപിഎം ആലോചന. കൊല്ലത്ത് ഇരവിപുരം എംഎല്‍എ എ നൗഷാദ്, മുകേഷ്, ചിന്താ ജെറോം എന്നീ പേരുകള്‍ പരിഗണിക്കുന്നുണ്ട്. ആറ്റിങ്ങലില്‍ കടകംപള്ളി സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കാൻ സാദ്ധ്യതയുണ്ട്. ആലപ്പുഴയില്‍ സിറ്റിംഗ് എംപിയായ ആരിഫിനാണ് മുന്‍ഗണന. ടിഎം തോമസ് ഐസകിനോട് ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് താത്പര്യമുണ്ടെന്നാണ് വിവരം. ഇവരില്‍ ഒരാള്‍ അവിടെ സ്ഥാനാർത്ഥിയാകും. പത്തനംതിട്ടയില്‍ തോമസ് ഐസക്, രാജു എബ്രഹാം എന്നീ പേരുകളാണ് കേള്‍ക്കുന്നത്. എറണാകുളത്ത് പൊതു സ്വതന്ത്രന്‍ വന്നേക്കും. ഇടുക്കിയില്‍ മുന്‍ എം പി ജോയ്സ് ജോർജിന്‍റെ പേര് സജീവമായിട്ടുണ്ട്. പാലക്കാട് എം സ്വരാജ്,ആലത്തൂർ എ കെ ബാലന്‍, കെ രാധാകൃഷ്ണന്‍ തുടങ്ങിയ പേരുകള്‍ പാർട്ടിയുടെ ആലോചനയിലുണ്ട്.