
newsdesk
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യ പ്രചാരണങ്ങളില്‍ ശബ്ദ നിയന്ത്രണം കർശനമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ നിർദ്ദേശിച്ചു. പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗതത്തിന് തടസ്സമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയില്‍ ലൗഡ്സ്പീക്കർ ഉപയോഗിക്കാൻ പാടുള്ളതല്ല.
പ്രചാരണ പ്രവർത്തനങ്ങളില്‍ ശബ്ദമലിനീകരണം, പരിസരമലിനീകരണം എന്നിവയുടെ നിരീക്ഷണം ഊർജ്ജിതമാക്കാനും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടർമാർക്കും നിരീക്ഷകർക്കും നിർദേശം നല്കി.
പ്രചാരണ വാഹനങ്ങളില്‍ അനുവദനീയമായ ശബ്ദത്തിനു മുകളിലുള്ള മൈക്ക് അനൗണ്‍സ്മെന്റുകള്‍, ലൗഡ് സ്പീക്കറിലൂടെയുള്ള പ്രചാരണ ഗാനങ്ങള്‍ എന്നിവ കേള്‍പ്പിക്കുന്നത് മാതൃകാ പെരുമാറ്റചട്ടത്തിന്റെയും ശബ്ദമലിനീകരണ നിയന്ത്രണ നിയമങ്ങളുടെയും ലംഘനമാണ്.
പടക്കം, വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കുവാൻ പാടുള്ളൂ. സ്ഥാനാർത്ഥികളെ സ്വീകരിക്കുമ്പോൾ ഉള്‍പ്പടെ പൊതുസ്ഥലങ്ങളില്‍ വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ മജിസ്ട്രേറ്റില്‍ നിന്ന് ലൈസൻസ് ആവശ്യമാണ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യ പ്രചാരണങ്ങളില്‍ ശബ്ദനിയന്ത്രണം കർശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കും.