കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ ഇടിമിന്നലേറ്റു , യുവതിയുടെ ശരീരത്തിൽ പൊള്ളലേറ്റു, കേൾവിക്കും തകരാർ സംഭവിച്ചു

newsdesk

കൽപറമ്പ്: കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ അമ്മയ്ക്ക് ഇടിമിന്നലേറ്റു. പൂമംഗലം പഞ്ചായത്തിൽ കൽപറമ്പ് വെങ്ങാട്ടുമ്പിള്ളി ശിവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പണത്ത് സുബീഷിന്റെ ഭാര്യ ഐശ്വര്യയ്ക്കാണ് (36 ) പൊള്ളലേറ്റത്. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.

വീടിന്റെ ചുമരിൽ ചാരി ഇരുന്ന് ആറുമാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു ഐശ്വര്യ. മിന്നലിൽ വീട്ടിലെ സ്വിച്ച് ബോർഡുകളും ബൾബുകളും ഉഗ്ര ശബ്ദത്തോടെ പൊട്ടിതെറിച്ചു. ഇതിനിടയിൽ ചുമരിലൂടെ ഉണ്ടായ വൈദ്യുത പ്രവാഹത്തിൽ ഐശ്വര്യയും കുഞ്ഞും തെറിച്ച് വീണു. ഇരുവർക്കും ബോധം നഷ്ടപ്പെട്ടു.ഐശ്വര്യയുടെ പുറത്ത് പൊള്ളലേൽക്കുകയും മുടി കരിയുകയും ചെയ്തു. കൂടാതെ കേൾവിക്കും തകരാറുണ്ടായി. ഇന്നലെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കേൾവിക്ക് തകരാർ സംഭവിച്ചെന്ന് തിരിച്ചറിഞ്ഞത്. സംഭവസമയത്ത് ഐശ്വര്യയുടെ മൂത്ത രണ്ട് കുട്ടികളും മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു. എന്നാൽ അവർക്കാർക്കും പരിക്കില്ല. സമീപത്തെ വീടുകളിലും മിന്നലിൽ നാശനഷ്ടങ്ങൾ സംഭവിച്ചു.

error: Content is protected !!